തിരുവനന്തപുരം: സംസ്ഥാനത്തെ ജനന-മരണ രജിസ്ട്രേഷൻ നടപടിക്രമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തി സർക്കാർ ഉത്തരവിറക്കി.
2023-ല്‍ കേന്ദ്രസർക്കാർ നിർദേശിച്ച ഭേദഗതികളുടെ ചുവടുപിടിച്ചാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്. രേഖകളില്‍ പേരും ലിംഗവും രേഖപ്പെടുത്തുന്ന രീതി, വൈകിയുള്ള രജിസ്ട്രേഷനുള്ള പിഴത്തുക എന്നിവയിലെല്ലാം സുപ്രധാന മാറ്റങ്ങളുണ്ട്.
പുതിയ ചട്ടപ്രകാരം രജിസ്ട്രേഷൻ രേഖകളില്‍ പേര് ചേർക്കുമ്പോള്‍ ചുരുക്കെഴുത്തുകളോ ഇനീഷ്യലുകളോ ഉപയോഗിക്കാൻ അനുവാദമില്ല. പകരം ഫസ്റ്റ് നെയിം, മിഡില്‍ നെയിം, ലാസ്റ്റ് നെയിം എന്നിവ പൂർണ്ണരൂപത്തില്‍ തന്നെ രേഖപ്പെടുത്തണം.
ലിംഗ വിവരങ്ങളുടെ പട്ടികയില്‍ ട്രാൻസ്ജെൻഡർ വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കൂടാതെ, കുട്ടികളെ ദത്തെടുക്കുന്ന നടപടികള്‍ രജിസ്റ്റർ ചെയ്യുന്നതിനായി 'ഫോം നമ്പർ ഒന്ന്' എന്ന പ്രത്യേക അപേക്ഷാ ഫോം നിർബന്ധമാക്കി.
മരണകാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ മരിച്ചയാളുടെ മുന്‍കാല രോഗവിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.
പേര് ചേർക്കാതെ ജനനം രജിസ്റ്റർ ചെയ്തവർക്ക് 15 വർഷത്തിന് ശേഷം പേര് ഉള്‍പ്പെടുത്താൻ കഴിയില്ലെന്നതാണ് മറ്റൊരു പ്രധാന നിബന്ധന. ഇതിനായി ഈ വർഷം ജൂലൈ 13 വരെ സമയം അനുവദിച്ചിരുന്നെങ്കിലും സമയപരിധി അവസാനിച്ചതോടെ ഇത്തരം കേസുകളില്‍ ഇനി പേര് ചേർക്കാൻ സാധിക്കില്ല.
ജനന-മരണ രജിസ്ട്രേഷൻ വൈകുന്ന സാഹചര്യത്തില്‍ ഈടാക്കുന്ന ഫീസിലും വർധന വരുത്തിയിട്ടുണ്ട്.
21 മുതല്‍ 30 ദിവസം വരെയുള്ള കാലതാമസത്തിന് നേരത്തേ ഉണ്ടായിരുന്ന രണ്ട് രൂപയ്ക്ക് പകരം ഇനി 20 രൂപ നല്‍കണം. 30 ദിവസത്തിന് ശേഷവും ഒരു വർഷത്തിനുള്ളിലുമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കില്‍ 50 രൂപ ഫീസ് അടയ്ക്കുന്നതിനൊപ്പം ജില്ലാ രജിസ്ട്രാറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ അനുമതിയും വാങ്ങണം.
ഒരു വർഷത്തിന് ശേഷമുള്ള രജിസ്ട്രേഷനുകള്‍ക്ക് ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, അല്ലെങ്കില്‍ അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരുടെ ഉത്തരവ് നിർബന്ധമാണ്.






