ഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ഏർപ്പെടുത്തിയ എംഡിആർ ചാർജിന്റെ 0.28 ശതമാനം ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് ഇന്ത്യൻ ബാങ്ക് അറിയിച്ചു.
0.4 ശതമാനം എംഡിആർ ചാർജില്‍ 0.28 ശതമാനം ഒഴിവാക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത് എന്നാണ് ബാങ്ക് വ്യക്തമാക്കിയത്. ഒക്ടോബറില്‍ യുപിഐയില്‍ എംഡിആർ ചാർജ് നിലവില്‍ വരാനിരിക്കെയാണ് ബാങ്കിന്റെ പ്രഖ്യാപനം.ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബിനോദ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്നാണ് വിവരം. യുപിഐ ഇടപാടുകളില്‍ നിലവില്‍ ബാങ്കിന് നേരിട്ട് വരുമാനം ലഭിക്കുന്നില്ലെങ്കിലും, ഡിജിറ്റല്‍ പണമിടപാടുകള്‍ വർധിച്ചതോടെ ജീവനക്കാരുടെ ആവശ്യകത കുറയ്ക്കാനും പണം കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഒക്ടോബർ 15 മുതല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാരി ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആർ ചാർജ് നിലവില്‍ വരാനിരിക്കുകയാണ് എന്നാണ് അറിയിപ്പ്. ഇതില്‍ 0.28 ശതമാനം ഉപഭോക്താവിന്റെ ബാങ്കിന് ലഭിക്കുന്ന വിഹിതമാണ്. ഈ 0.28 ശതമാനം ചാർജ് വ്യാപാരികളില്‍ നിന്ന് ഈടാക്കാതെ ബാങ്ക് തന്നെ വഹിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നാണ് ഇന്ത്യൻ ബാങ്ക് വ്യക്തമാക്കുന്നത്.അന്തിമ തീരുമാനം ബാങ്കിന്റെ ഡയറക്ടർ ബോർഡായിരിക്കും എടുക്കുക എന്നും ബാങ്ക് അറിയിച്ചു.ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകളില്‍ ഉയർന്ന ഇടപാട് മൂല്യമുള്ള വ്യാപാരികള്‍ക്ക് എംഡിആർ ചാർജ് പൂർണമായോ ഭാഗികമായോ ഒഴിവാക്കുന്ന രീതി നിലവിലുണ്ടെന്നാണ് ബാങ്ക് പറയുന്നത്. സമാനമായ രീതിയില്‍ യുപിഐ ഇടപാടുകളിലും ചാർജ് ഒഴിവാക്കുന്നതാണ് പരിഗണിക്കുന്നതെന്നും ബാങ്ക് വ്യക്തമാക്കി






