കൊച്ചി: ദക്ഷിണേന്ത്യയിലെ നാല് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി വരുന്നു.
ബെംഗളൂരു, ഹൈദരാബാദ്, അമരാവതി, ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചാണ് പാത.
പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് അനുമതി നല്കി. പാത യാഥാര്ഥ്യായാല് ബെംഗളൂരുവില്‍ നിന്ന് ചെന്നൈയില്‍ എത്താന്‍ വെറും 73 മിനുട്ട് മതി.
അതായത്, ഒരു മണിക്കൂറും 13 മിനുട്ടും. ഇതോടെ രണ്ട് നഗരങ്ങളും ഇനി ഒരു നഗരമായി മാറുമെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
ചെന്നൈക്കും ബെംഗളൂരുവിനും ഇടയില്‍ ഏറ്റവും വേഗതയുള്ള നിലവിലെ ട്രെയിന്‍ വന്ദേഭാരത് എക്സ്പ്രസ് ആണ്. ചെന്നൈയില്‍ നിന്ന് തുടങ്ങി ബെംഗളൂരു വഴി മൈസൂരുവിലേക്കാണ് ഈ ട്രെയിന്‍.
ചെന്നൈ-ബെംഗളൂരു റൂട്ടില്‍ 4 മണിക്കൂര്‍ 25 മിനുട്ടാണ് യാത്രയ്ക്ക് വേണ്ടി വരുന്നത്. അതിനേക്കാള്‍ വേഗതയിലാകും ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക.
ചെന്നൈക്കും ബെംഗളൂരുവിനുമിടയില്‍ മറ്റൊരു അതിവേഗ ട്രെയിന്‍ ശതാബ്ദി എക്സ്പ്രസ് ആണ്. 4 മണിക്കൂര്‍ 45 മിനുട്ടാണ് ഈ ട്രെയിന്‍ യാത്ര. വന്ദേഭാരതിന്റെ ഏകദേശം വേഗത 81 കിലോമീറ്ററും ശതാബ്ദിയുടേത് 76 കിലോമീറ്ററുമാണ്.
ഇരു നഗരങ്ങള്‍ക്കുമിടയിലെ എസി ഡബിള്‍ ഡെക്കര്‍ എക്സ്പ്രസിന് 5 മണിക്കൂര്‍ 45 മിനുട്ട് സമയം വേണ്ടി വരുന്നുണ്ട്.
ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങിയാല്‍ വിമാന യാത്രയ്ക്ക് ആളുകള്‍ കുറഞ്ഞേക്കാം. കാരണം, വിമാനത്തില്‍ പോകുന്നതിനേക്കാള്‍ വേഗത്തില്‍ ബുള്ളറ്റ് ട്രെയിനില്‍ എത്താന്‍ സാധിക്കും.
ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കു നേരിട്ടുള്ള വിമാനം എത്തുന്നതിന് ഒരു മണിക്കൂറും നാല് മിനുട്ടും വേണ്ടി വരുന്നുണ്ട്. വിമാനയാത്രക്ക് ഒന്നര മണിക്കൂര്‍ നേരത്തെ എത്തണം എന്നതാണ് സമയ നഷ്ടമുണ്ടാക്കുന്നത്. ട്രെയിന്‍ യാത്രയ്ക്ക് തീവണ്ടി പുറപ്പെടുന്നതിന് മുമ്പ് എത്തിയാല്‍ മതി.
ബെംഗളൂരു മുതല്‍ ചെന്നൈ വരെയുള്ള റെയില്‍ ദൂരം 359 കിലോമീറ്ററാണ്. ബുള്ളറ്റ് ട്രെയിന്‍ ഏകദേശം 295 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാലാണ് 73 മിനുട്ടില്‍ ലക്ഷ്യത്തിലെത്താന്‍ സാധിക്കുക. വന്ദേഭാരതിനേക്കാള്‍ മൂന്നര ഇരട്ടി വേഗതയില്‍ യാത്ര ചെയ്യേണ്ടി വരുമെന്ന് ചുരുക്കം.
എന്നാല്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസിന് വളവില്ലാതെ ഒരുക്കുന്ന പ്രത്യേക പാത യാഥാര്‍ഥ്യമാകുമ്പോള്‍ ദൂരം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് ബോഗികളില്‍ 600ല്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കുക.






