ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനകൾ കൈകാര്യം ചെയ്തതിൽ ക്രമക്കേട് നടന്നെന്ന കേസിൽ ക്ഷേത്രസമിതി ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റ് പ്രമോദ് നൗത്യാലിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. ഡെറാഡൂണിലെ വസതിയിൽ നിന്ന് ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ദേശീയ മാധ്യമങ്ങളോട് അറിയിച്ചു. ക്ഷേത്രത്തിലെ സംഭാവനകളുടെ കൈകാര്യം സംബന്ധിച്ച പ്രാഥമിക ആഭ്യന്തര അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രസമിതി നേരത്തെ പ്രമോദ് നൗത്യാലിനെ സസ്പെൻഡ് ചെയ്തിരുന്നു.
സംഭാവനകളുടെ ദുരുപയോഗം സംബന്ധിച്ച പരാതികളിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ പേരുടെ പങ്കും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.






