ബംഗളൂരു: അഭിനയത്തിന് ദേശീയ പുരസ്കാരം നേടുക, പ്രധാന വേഷത്തിലെത്തിയ ചിത്രം ഓസ്കാർ നോമിനേഷൻ സ്വന്തമാക്കുക... ഒരു ബാലതാരത്തിന് ഇതിലും വലിയൊരു തുടക്കം സ്വപ്നം കാണാനുണ്ടാകില്ല.
എന്നാല്‍ ആ നേട്ടങ്ങള്‍ക്കൊന്നും ഷഫീഖ് സെയ്ദിന്റെ ജീവിതം മാറ്റിമറിക്കാൻ കഴിഞ്ഞില്ല. മീര നായരുടെ വിഖ്യാത ചിത്രം 'സലാം ബോംബെ'യിലൂടെ ഇന്ത്യയെ വിസ്മയിപ്പിച്ച ഷഫീഖിന് പിന്നീട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ബെംഗളൂരുവില്‍ ഓട്ടോറിക്ഷ ഓടിക്കേണ്ടിവന്നു.
തെരുവില്‍ നിന്ന് സിനിമയിലേക്ക്
1980-കളില്‍ ബോളിവുഡ് സിനിമകളില്‍ കാണുന്ന മുംബൈ നഗരം നേരില്‍ കാണണമെന്ന ആഗ്രഹത്തിലാണ് ഷഫീഖ് ബെംഗളൂരുവിലെ വീട്ടില്‍ നിന്ന് ടിക്കറ്റില്ലാതെ ട്രെയിൻ കയറിയത്. മുംബൈയിലെത്തിയ ശേഷം ചർച്ച്ഗേറ്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ തെരുവിലായിരുന്നു ജീവിതം.
അതിനിടെയാണ് അഭിനയ വർക്ക്ഷോപ്പില്‍ പങ്കെടുത്താല്‍ 20 രൂപ നല്‍കാമെന്ന വാഗ്ദാനവുമായി ഒരു സ്ത്രീ ഷഫീഖിനെ സമീപിക്കുന്നത്. മറ്റ് കുട്ടികള്‍ സംശയിച്ച് പിന്മാറിയപ്പോള് വിശപ്പ് കാരണം ഷഫീഖ് ആ ഓഫർ സ്വീകരിച്ചു. പിന്നീട് ആയിരക്കണക്കിന് കുട്ടികളില്‍ നിന്ന് സലാം ബോംബെയിലെ പ്രധാന കഥാപാത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
ചിത്രം അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷനും സ്വന്തമാക്കി. ഷഫീഖിന്റെ പ്രകടനവും വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടു
അത് അഭിനയമായിരുന്നില്ല, എന്റെ ജീവിതമായിരുന്നു'
പിന്നീട് നല്കിയ ഒരു അഭിമുഖത്തില്‍ സലാം ബോംബെയിലെ കഥാപാത്രവുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഷഫീഖ് തുറന്നുപറഞ്ഞിരുന്നു."ആ സിനിമയില്‍ എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടില്ല. ഞാൻ അനുഭവിച്ച ജീവിതവും സാഹചര്യങ്ങളും ഭാഷയുമായിരുന്നു അതിലുണ്ടായിരുന്നത്. പലരും അതിനെ ആർട്ട് ഫിലിം എന്ന് വിളിച്ചു. പക്ഷേ അത് എന്റെ സ്വന്തം കഥയായിരുന്നു."
52 ദിവസം നീണ്ട ചിത്രീകരണത്തിന് 15,000 രൂപയായിരുന്നു ഷഫീഖിന് ലഭിച്ച പ്രതിഫലം. ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍ അതോടെ സിനിമയില്‍ വലിയൊരു ഭാവി തുറക്കുമെന്ന പ്രതീക്ഷ അധികകാലം നീണ്ടുനിന്നില്ല.
പത്രക്കട്ടിംഗുമായി സ്റ്റുഡിയോകള്‍ കയറിയിറങ്ങി
സലാം ബോംബെയുടെ വിജയത്തിന് പിന്നാലെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് ഷഫീഖ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സിനിമ അന്താരാഷ്ട്ര വേദികളില്‍ പുരസ്കാരങ്ങള്‍ നേടുമ്പോഴും അദ്ദേഹത്തിന് പുതിയ അവസരങ്ങള്‍ ലഭിച്ചില്ല. സ്വന്തം ചിത്രവും പുരസ്കാരവാർത്തകളും വന്ന പത്രക്കട്ടിംഗുകളുമായി മുംബൈയിലെ സ്റ്റുഡിയോകള്‍ കയറിയിറങ്ങിയെങ്കിലും പലരില്‍ നിന്നും നേരിടേണ്ടിവന്നത് അവഗണനയും പരിഹാസവുമാണെന്ന് ഷഫീഖ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. എട്ടുമാസത്തോളം അവസരങ്ങള്‍ തേടിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ അദ്ദേഹം ബെംഗളൂരുവിലേക്ക് മടങ്ങി
വെള്ളിത്തിരയില്‍ നിന്ന് ഓട്ടോറിക്ഷയിലേക്ക്
നാട്ടിലെത്തിയ ശേഷം വരുമാനത്തിനായി ഷഫീഖ് ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങി. ഒരു കാലത്ത് ലോക സിനിമാവേദികളില്‍ ചർച്ചയായ ചിത്രത്തിലെ നായകനായിരുന്ന അദ്ദേഹം പിന്നീട് സാധാരണക്കാരന്റെ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു.
സലാം ബോംബെക്ക് ശേഷം ഗൗതം ഘോഷിന്റെ 'പതംഗ്' എന്ന ചിത്രത്തിലും ഷഫീഖ് അഭിനയിച്ചു. എന്നാല്‍ പിന്നീട് സിനിമയില്‍ സജീവമാകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
സ്ക്രീനില്‍ തെരുവുകുട്ടികളുടെ ജീവിതപോരാട്ടത്തിന് മുഖമായി ലോകത്തിന്റെ കൈയടി നേടിയ ഒരു ബാലതാരം, ജീവിതത്തിലും അതേ അതിജീവനപ്പോരാട്ടത്തിലേക്ക് മടങ്ങേണ്ടിവന്ന കഥയാണ് ഷഫീഖ് സെയ്ദിന്റേത്. ഇന്ത്യൻ സിനിമയുടെ തിളക്കത്തിനപ്പുറത്ത് മറഞ്ഞുപോയ ഒരു കലാകാരന്റെ നോവിക്കുന്ന ജീവിതകഥ കൂടിയാണത്.






