ചെന്നൈ: കോയമ്പത്തൂരില്‍ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠികളില്‍ നിന്നും അധ്യാപകനില്‍ നിന്നും ജാതിയുടെയും ഭക്ഷണ രീതിയുടെയും പേരില്‍ നേരിട്ട അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയതായി പരാതി.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 16കാരനാണ് ജീവനൊടുക്കിയത്. വിദ്യാർത്ഥിയുടെ അമ്മ കൗസല്യാദേവി നല്കിയ പരാതിയില്‍ പറയുന്നത്, ബീഫ് കഴിച്ചതിന് തന്റെ മകനടക്കം അഞ്ച് വിദ്യാർത്ഥികളെ വിജയകുമാർ എന്ന അധ്യാപകൻ ക്ലാസ്സില്‍ എഴുന്നേല്‍പ്പിച്ചു നിർത്തിയിരുന്നു എന്നാണ്. ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അധ്യാപകനായ വിജയകുമാർ, സ്കൂള്‍ പ്രിൻസിപ്പല്‍ അരുണ്‍ കുമാർ, രണ്ട് വിദ്യാർത്ഥികള്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം ആരോപണങ്ങള്‍ തള്ളി സ്കൂള്‍ അധികൃതർ രംഗത്തെത്തി.
ബുധനാഴ്ച രാവിലെ 8 മണിക്ക് സ്കൂളില്‍ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. ഭാരതി കോളനിയില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്ന കൗസല്യാദേവി ഉച്ചയ്ക്ക് ഒരു മണിയോടെ ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോള്‍ മുൻവാതില്‍ പൂട്ടിയിട്ടില്ലെന്ന് കണ്ടു. അകത്തു കയറിയപ്പോഴാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
സ്കോളർഷിപ്പിനായി പേര് ശേഖരിക്കുന്നതിനിടെയാണ്, എത്രപേർ ബീഫ് കഴിക്കാറുണ്ടെന്ന് അധ്യാപകൻ വിജയകുമാർ ചോദിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. തുടർന്ന് അഞ്ചു പേർ എഴുന്നേറ്റുനിന്നു. അന്നു മുതല്‍ രണ്ട് സഹപാഠികള്‍ ജാതിയുടെ പേരില്‍ കുട്ടിയെ പരിഹസിക്കുകയും മർദ്ദിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് അമ്മ കൗസല്യാദേവി പറഞ്ഞു. ഈ ഉപദ്രവത്തെക്കുറിച്ച് ആധ്യാപകനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം നടപടിയൊന്നും എടുത്തില്ല. പ്രിൻസിപ്പല്‍ അരുണ്‍കുമാറിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് അമ്മ ആരോപിച്ചു. മകനെ വീണ്ടും ഒറ്റപ്പെടുത്തുമെന്ന് ഭയന്നാണ് സകൂളില്‍ നേരില്‍ച്ചെന്ന് ഇക്കാര്യം ചോദിക്കാതിരുന്നതെന്നും അമ്മ പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ 115(2), 108 എന്നീ വകുപ്പുകളും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ 3(2)(v) വകുപ്പും പ്രകാരമാണ് പൊലീസ് രണ്ട് വിദ്യാർത്ഥികള്‍ക്കും അധ്യാപകനും പ്രിൻസിപ്പലിനുമെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.






