ഇറ്റാനഗർ : അരുണാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. സബന്‍സിരി ജില്ലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. ദിബാങ് വാലി ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികരെ കാണാതായി. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസമായി അരുണാചല്‍ പ്രദേശില്‍ കനത്ത മഴയാണ്. സബന്‍സിരി ജില്ലയിലെ കോജറിങില് റോഡുപണി നടക്കുന്ന പ്രദേശത്ത് മണ്ണിടിച്ചിലുണ്ടാകുകയും നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങുകയുമായിരുന്നു. ഇതില്‍ നാല് പേരാണ് മരിച്ചത്. താദു ബക്കി, താജി റായ്, മര്ക്കോഷ് ബസുമതറി, ബാബുല്‍ അലി എന്നിവരാണ് മരിച്ചത്. നിരവധി പേര് ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ദിബാങ് വാലി ജില്ലയില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പസു പാനി സൈനിക ക്യാമ്പിലെ രണ്ട് ഷെല്‍ട്ടറുകള്‍ ഒഴുകിപ്പോകുകയായിരുന്നു. ഏഴ് സൈനികര്‍ ഒഴുക്കില്‍പ്പെടുകയും രണ്ട് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. സൈനികരായ ഉപേന്ദര്‍, കുന്ദന്‍, വിനോദ്, ആദിത്യ, സമുന്ദ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.






