കോഴിക്കോട് :കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെ പോലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പോലീസിന്റെ പിടിയിലായത്. ഇവരെ ഉടൻ തന്നെ കോഴിക്കോട്ടേക്ക് എത്തിക്കും.
വിദേശത്ത് ജോലി ചെയ്തുവരികയായിരുന്ന യുവതി, ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന ഭയത്താലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗർഭവിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ച ഇവർ പ്രസവത്തിനായി മാത്രമാണ് കോഴിക്കോട്ടേക്ക് എത്തിയത്. മൂന്ന് വർഷമായി ഇവർ ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുകയാണെന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ആശുപത്രി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കേസില്‍ വഴിത്തിരിവുണ്ടായത്. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തതോടെ, പരാതിക്കാരിയുടെ മകളുടെ സുഹൃത്താണ് കുഞ്ഞിന്റെ അമ്മയെന്ന് വ്യക്തമായി.
പ്രസവസമയത്ത് ഇവർക്ക് കൂട്ടിരിപ്പുകാരിയായി നിന്നതും ഈ സ്ത്രീയായിരുന്നു. തുടർന്ന് പത്തനംതിട്ടയിലെത്തിയ പോലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അതിനിടെ, പോലീസ് സംരക്ഷണയിലുള്ള നവജാതശിശുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുഞ്ഞിന്റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതിക്കു മുന്നില്‍ ഹാജരാക്കുകയും, അവരുടെ ഉത്തരവ് പ്രകാരം കോഴിക്കോട് സെന്റ് വിൻസെന്റ് ഹോമിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.






