.തിരുവനന്തപുരം:കേരളത്തില്‍ അടുത്ത മൂന്ന് ദിവസം നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായി നവംബർ ഒന്നുമുതല്‍ മൂന്നുവരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
തെക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലവില്‍ ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ഒക്ടോബർ 31-ഓടെ തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വരുന്ന രണ്ട് ദിവസങ്ങളില്‍ ഇത് ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങിയേക്കും. അതിശക്തമായ ചുഴലിക്കാറ്റായിരുന്ന 'അർണബി'ന്റെ ശേഷിപ്പ് നിലവില്‍ വടക്കൻ ഛത്തീസ്ഗഢിനും കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ന്യൂനമർദമായി തുടരുന്നുണ്ട്.
നവംബർ 1 മുതല്‍ 3 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്റീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത. ഇതോടൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ അടുത്ത മണിക്കൂറുകളില്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.






