ഡല്‍ഹി: സാധാരണക്കാർക്കുള്ള ട്രെയിൻ യാത്ര കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അമൃത് ഭാരത് എക്സ്പ്രസില്‍ മാറ്റങ്ങളുമായി ഇന്ത്യൻ റെയില്‍വേ.
ഈ സാമ്പത്തിക വർഷം സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അമൃത് ഭാരത് 3.0 എക്സ്പ്രസില്‍ എയർ കണ്ടീഷൻഡ് കോച്ചുകള്‍ ഉള്‍പ്പെടുത്താനാണ് റെയില്‍വേയുടെ തീരുമാനം. നിലവില്‍ ജനറല്‍, സ്ലീപ്പർ ക്ലാസ് കോച്ചുകളുള്ള നോണ്‍ എസി ദീർഘദൂര ട്രെയിനാണ് അമൃത് ഭാരത് എക്സ്പ്രസ്.
2023ല്‍ അവതരിപ്പിച്ച അമൃത് ഭാരത് എക്സ്പ്രസിന്റെ 60ലധികം ട്രെയിനുകള്‍ നിലവില്‍ രാജ്യത്തുടനീളം സർവീസ് നടത്തുന്നുണ്ട്. സ്ലീപ്പർ ക്ലാസ് യാത്രയ്ക്ക് 1,000 കിലോമീറ്ററിന് ഏകദേശം 500 രൂപയാണ് നിരക്ക്. സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കില്‍ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ റെയില്‍വേയുടെ കണക്കുകള്‍ പ്രകാരം അമൃത് ഭാരത് ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസില്‍ ശരാശരി സീറ്റ് ബുക്കിംഗ് 100 ശതമാനത്തിന് മുകളിലാണ്.
അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഇരുവശത്തും ഓരോ ലോക്കോമോട്ടീവുണ്ട്. പുഷ്പുള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രെയിനില്‍ വേഗത്തിലുള്ള ത്വരണവും വേഗം കുറയ്ക്കാനുള്ള സംവിധാനവുമുണ്ട്. മണിക്കൂറില്‍ 130 കിലോമീറ്റർ വരെ വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ യാത്രാസമയം കുറയ്ക്കാനും സാധിക്കും.
സാധാരണക്കാർ, തൊഴിലാളികള്‍, കുടിയേറ്റക്കാർ എന്നിവരുടെ യാത്ര മുൻനിർത്തിയാണ് അമൃത് ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഉത്സവകാലത്തെ തിരക്ക് പരിഗണിച്ച് ആധുനികമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. 50 അമൃത് ഭാരത് 2.0 ട്രെയിനുകള്‍ നിർമിക്കാനുള്ള ഓർഡർ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് (ഐ.സി.എഫ്.) ലഭിച്ചിട്ടുണ്ട്. ഇതില്‍ 32 ട്രെയിനുകള്‍ ഇതിനകം പുറത്തിറക്കി. ഈ വർഷം 18 ട്രെയിനുകള്‍ കൂടി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപൂർത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയും (ആർ.സി.എഫ്.) 50 റേക്കുകള്‍ നിർമിക്കുന്നുണ്ട്.
അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളില്‍ ഉള്‍പ്പെടുത്തുന്നതിനായി ഇന്ത്യൻ റെയില്‍വേ എ.സി. കോച്ചുകള്‍ നിർമിച്ചുവരികയാണ്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നല്‍കുന്നതിനായി എയർ കണ്ടീഷൻഡ് അമൃത് ഭാരത് കോച്ചുകളില്‍ വന്ദേ ഭാരത് സ്ലീപ്പർ, രാജധാനി എക്സ്പ്രസ് ട്രെയിനുകളിലെ ചില സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ദീർഘദൂര യാത്രയ്ക്കായി എ.സി. ഫസ്റ്റ് ക്ലാസ്, എ.സി. 2ടയർ, എ.സി. 3ടയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള കോച്ചുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എ.സി. കോച്ചുകള്‍ ഉള്‍പ്പെടുന്ന അമൃത് ഭാരത് 3.0 ട്രെയിനുകള്‍ക്കായി ആകെ 14 റേക്കുകള്‍ക്ക് ഓർഡർ നല്‍കിയിട്ടുണ്ട്. ജനറല്‍ ക്ലാസ് യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവം നല്‍കുന്നതിനൊപ്പം യാത്രാനിരക്ക് താങ്ങാനാകുന്ന നിലയില്‍ നിലനിർത്തുകയാണ് അമൃത് ഭാരത് എക്സ്പ്രസിന്റെ ലക്ഷ്യം.






