കോട്ടയം: പാലക്കാട് ഡിവിഷന്റെ അഭിവാജ്യ ഘടകമായ മംഗലാപുരം മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കി സൗത്ത് വെസ്റ്റേൺ റയിൽവേക്ക് കീഴിലുള്ള മൈസൂരു ഡിവിഷന്റെ കീഴിലാക്കിയ നടപടി കേരളത്തിന്റെ റെയിൽവേ വികസനത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണന്നും ഫ്രാൻസിസ് ജോർജ് എം.പി ആരോപിച്ചു.
പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെടുത്തി സേലം ഡിവിഷൻ രൂപീകരിച്ചതിന്റെ പിന്നാലെ മംഗലാപുരം മേഖലയെ കൂടി മാറ്റുന്നതോടെ പാലക്കാട് ഡിവിഷന്റെ വികസന സാധ്യതകൾ ഇല്ലാതാകും.ഇത് മലബാറിന്റെ റയിൽവേ വികസനത്തിന് കനത്ത തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കന്യാകുമാരിയെ മധുര ഡിവിഷന്റെ ഭാഗമാക്കാനുള്ള ഗൂഡ തന്ത്രങ്ങൾ മെനയുന്നതായി അറിയുന്നു.ഇത് ചേർക്കപ്പെട്ടാൽ തിരുവനന്തപുരവും പാലക്കാടും ചേർത്തുള്ള ഒരു ഡിവിഷനായി കേരളത്തെ മാറ്റുമെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ റെയിൽവേക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന കേരളത്തിലേക്ക് പുതിയ ട്രയിൻ സർവ്വീസുകൾ ആരംഭിക്കുന്ന കാര്യത്തിലും റെയിൽവേ മന്ത്രാലയം കുറ്റകരമായ അനാസ്ഥ കാട്ടുകയാണ്. സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളും പല സ്ഥലങ്ങളിലും നടക്കുന്നില്ല.
കേരളത്തിന്റെ റെയിൽവേ വികസനത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിക്ഷേധിക്കണമെന്നും ഇതിനായി മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ച് കൂട്ടണമെന്നും ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു.






