ആലുവ: മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവർഡോസ് നല്കിയ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്. ഡോ.
ഹബ്നക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആലുവ തൊട്ടുമുഖം സ്വദേശികളുടെ പരാതിയില്‍ പോലീസ് കേസെടുത്തത് അഞ്ച് കിലോ തൂക്കമുള്ള കുഞ്ഞിന് 10 കിലോ തൂക്കത്തിന്റെ മരുന്നാണ് കുറിച്ചത്.
മരുന്നു കഴിച്ച കുഞ്ഞിനെ ആലുവ രാജഗിരി ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്നു മൂന്നാം മാസത്തെ വാക്സിനു ശേഷമുള്ള പനി നിയന്ത്രിക്കാനാണ് പാരസെറ്റമോള്‍ നല്‍കിയത്. തുടർന്ന് ഇക്കാര്യത്തില്‍ ജില്ലാ ആശുപത്രി അധികൃതരുമായി ചർച്ചയ്ക്ക് ശ്രമിച്ചങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.
സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡോക്ടർ തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്നാണ് പാരസെറ്റമോള്‍ കൂടുതല്‍ അളവില്‍ നല്‍കിയത്. ഡോക്ടറോട് സംസാരിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും ഡോക്ടർ അതിന് തയാറായില്ലെന്നും കുടുംബം ആരോപിച്ചു.






