കൊച്ചി: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് താഴമൺ കുടുംബത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.എസ്. രാധാകൃഷ്ണൻ. ശബരിമല ക്ഷേത്രത്തിനും കോടിക്കണക്കിന് അയ്യപ്പഭക്തർക്കും ഏറ്റവും വലിയ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയത് തന്ത്രി കുടുംബമാണെന്ന് അദ്ദേഹം ആരോപിച്ചു. ആചാരലംഘനവുമായി ബന്ധപ്പെട്ട മുൻ വിവാദങ്ങളെക്കാൾ ഗുരുതരമായ സംഭവങ്ങളാണ് തന്ത്രി കുടുംബവുമായി ബന്ധപ്പെട്ട് ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
മുൻ തന്ത്രി മോഹനർ തന്ത്രിയെയും സഹോദരൻ രാജീവരരെയും സംബന്ധിച്ച പഴയ ക്രിമിനൽ കേസുകൾ പരാമർശിച്ച രാധാകൃഷ്ണൻ, ഇത്തരത്തിലുള്ള കേസുകളിൽ ഉൾപ്പെട്ട വ്യക്തികൾ നിർദേശിക്കുന്നവരെ കുടുംബപാരമ്പര്യത്തിന്റെ പേരിൽ തന്ത്രിമാരായി നിയമിക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞു. മോഹനര് തന്ത്രിയെ വേശ്യപ്പുരയില് നിന്നാണ് പൊലീസ് പിടികൂടിയതെന്ന വിവാദ പരാമർശവും നടത്തി. ക്രിമിനൽ കേസുകളിൽ പ്രതികളായവരുടെ മക്കൾക്കായി സംവരണം ചെയ്ത പദവിയല്ല ശബരിമല തന്ത്രിസ്ഥാനം എന്നും അദ്ദേഹം വിമർശിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് തന്ത്രിമാരെ നിയമിക്കാനും ആവശ്യമെങ്കിൽ സ്ഥാനത്ത് നിന്ന് നീക്കാനും നിയമപരമായ അധികാരമുള്ളതെന്ന് കോടതി വിധികൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയും നിലവിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നടപടി സ്വീകരിക്കാൻ ദേവസ്വം ബോർഡിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല തന്ത്രിമാർക്ക് തന്ത്രവിദ്യയിലും ആചാരാനുഷ്ഠാനങ്ങളിലും ആവശ്യമായ അറിവും പരിശീലനവും ഉണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും രാധാകൃഷ്ണൻ പറഞ്ഞു. ജസ്റ്റിസ് പരിപൂർണൻ നടത്തിയ പഠനവും പരാമർശിച്ച അദ്ദേഹം, ആവശ്യമായ വൈദിക അറിവില്ലാത്തവരും മുമ്പ് തന്ത്രി സ്ഥാനത്തെത്തിയിട്ടുണ്ടെന്ന വിമർശനവും ഉന്നയിച്ചു.
കുടുംബപാരമ്പര്യം മാത്രം കണക്കിലെടുത്തല്ല, യോഗ്യതയും നിയമപരമായ അർഹതയും പൊതുജീവിതത്തിലെ വിശ്വാസ്യതയും വിലയിരുത്തിയാണ് തന്ത്രി നിയമനം നടത്തേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താഴമൺ കുടുംബം തന്ത്രി സ്ഥാനം ഒഴിയുകയും വിഷയത്തിൽ ദേവസ്വം ബോർഡ് അടിയന്തര തീരുമാനം കൈക്കൊള്ളുകയും വേണമെന്നും കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.






