തിരുവനന്തപുരം : തൃക്കണ്ണാപുരത്ത് സ്ഥലം വാങ്ങിയ ആളോട് കൗൺസിലർ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന് പരാതി. സിപിഐഎം കൗൺസിലർ അജിനെതിരെയാണ് ആരോപണം. പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐക്കാരെക്കൊണ്ട് ഭൂമിയിൽ കൊടി കുത്തിക്കും എന്നും സിപിഐഎം കൗൺസിലർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
പണം ആവശ്യപ്പെടുന്ന വീഡിയോയും ഓഡിയോയും പരാതിക്കാരൻ പുറത്ത് വിട്ടു. അതേസമയം ആരുടെയെങ്കിലും കയ്യിൽ നിന്ന് ഒരു രൂപ കൈക്കൂലി വാങ്ങിയെന്ന് തെളിയിച്ചാൽ താൻ ഈ സമയം രാജിവെക്കാൻ തയ്യാറെന്ന് സിപിഐഎം കൌൺസിലർ അജിൻ പ്രതികരിച്ചു.
തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ രാജിവെച്ച് നിയമ നടപടി നേരിടണമെന്ന് കോൺഗ്രസ് കൗൺസിലർ കെഎസ് ശബരീനാഥൻ ആവശ്യപ്പെട്ടു. അജിനെതിരെ അഴിമതി നിരോധനനിയമം പ്രകാരം കേസ് എടുക്കുവാൻ വിജിലൻസ് മേധാവിയോട് അവശ്യപ്പെടുമെന്നും കെഎസ് ശബരീനാഥൻ പറഞ്ഞു.






