പനാജി: ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോള്‍ വെസ്സല്‍ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ.
ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡില്‍ നടന്ന ചടങ്ങില്‍ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പല്‍ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യല്‍ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പല്‍ ഔപചാരികമായി കമ്മീഷൻ ചെയ്തത്.
സമുദ്ര നിരീക്ഷണം, തെരച്ചില്‍, രക്ഷാപ്രവർത്തനം, കള്ളക്കടത്ത് നിയന്ത്രണം എന്നിവയില്‍ ഒരു നാഴികകല്ലായി ഐസിജിഎസ് അജിത്ത് മാറുമെന്നാണ് കരുതുന്നത്. കപ്പല്‍ ഗുജറാത്തിലെ ഓഖയില്‍ ആയിരിക്കും പ്രവർത്തിക്കുകയെന്നാണ് വിവരം.
സ്വന്തമായി വികസിപ്പിച്ച ആദ്യ ഫ്ളീറ്റ് സഹായ യുദ്ധകപ്പല്‍ കഴിഞ്ഞ ദിവസമാണ് (ഫ്ളീറ്റ് സപ്പോർട്ടിംഗ് ഷിപ്പ്) ഇന്ത്യ പുറത്തിറക്കിയത്. സൂര്യ എന്ന് പേരിട്ടിരിക്കുന്ന കപ്പല്‍ (എഫ്എസ്എസ്-1) വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്യാർഡ് ലിമിറ്റഡില്‍ (എച്ച്എസ്എല്‍) വച്ചാണ് ചൊവ്വാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുറത്തിറക്കിയത്.
ഈസ്റ്റേണ്‍ നേവല്‍ കമാൻഡിന് കീഴില്‍ ഐഎൻഎസ് ശക്തി, ഐഎൻഎസ് ജ്യോതി എന്നീ ഫ്ളീറ്റ് ടാങ്കറുകളും വെസ്റ്റേണ്‍ തീരത്ത് ഐഎൻഎസ് ദീപക്, ഐഎൻഎസ് ആദിത്യ എന്നീ കപ്പലുകളും നിലവില്‍ നാവികസേനയ്ക്കുണ്ട്. യുദ്ധകപ്പലുകള്‍ക്ക് സമുദ്രത്തില്‍വച്ച് ഇന്ധനം നിറയ്ക്കുന്നതും സാധനങ്ങള്‍ എത്തിക്കുന്നതും ഇവയാണ്.
82 ശതമാനം തദ്ദേശീയമായി നിർമ്മിച്ചവയാണ് ഫ്ളീറ്റ് ടാങ്കർ കപ്പലുകള്‍. നാവികസേനാ മാനദണ്ഡങ്ങള്‍ പാലിച്ച് സമയം കുറച്ചാണ് കപ്പല്‍ എച്ച്എസ്എല്‍ അധികൃതർ നിർമ്മിച്ചത്. 223.6 മീറ്റർ നീളവും 31.5 മീറ്റർ വീതിയും 9.3 മീറ്റർ ആഴവുമുള്ളതാണ് സൂര്യ. 43,500 ടണ്‍ സ്ഥാനാന്തര ശേഷിയും മണിക്കൂറില്‍ 20 നോട്ടിക്കല്‍ മൈല്‍ ദൂരം പരമാവധി വേഗതയും ഇതിനുണ്ട്. 20,000 ടണ്‍ ലോ സള്‍ഫർ ഹൈസ്പീഡ് ഡീസലും 2500 ടണ്‍ ഏവിയേഷൻ ടർബൈൻ ഇന്ധനവും വഹിക്കാൻ സൂര്യയ്ക്ക് ശേഷിയുണ്ട്.






