ഡല്‍ഹി: എയർഇന്ത്യയിലെ എല്ലാ പൈലറ്റുമാർക്കും ലഹരിപരിശോധന നിർബന്ധമാക്കി. ഇന്നുമുതലാണ് പുതിയ പരിശോധനാ സംവിധാനം നിലവില്‍ വരുന്നത്.
നിലവിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ മാനനദണ്ഡങ്ങളേക്കാള് കർശനമായ നടപടിയാണ് എയർ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. വിമാനയാത്രാ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെയും യാത്രക്കാരുടെയും മറ്റ് പങ്കാളികളുടെയും വിശ്വാസം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം.
പരിശീലന സെഷനുകള്‍ക്കിടയിലും വിമാന സർവീസുകള്‍ക്ക് ശേഷവും പൈലറ്റുമാരുടെ താമസസ്ഥലം ഉള്‍പ്പെടെയുള്ള നിശ്ചിത കേന്ദ്രങ്ങളിലും പരിശോധന നടത്താനും തീരുമാനമായി. നിലവിലെ നിയമപ്രകാരം ജീവനക്കാരില്‍ കുറഞ്ഞത് പത്ത് ശതമാനം പേരെ പ്രതിവർഷം ക്രമരഹിതമായി ലഹരി പരിശോധന നടത്തമെന്നാണുള്ളത്. എന്നാല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് എല്ലാ പൈലറ്റുമാർക്കും പരിശോധന നിർബന്ധമാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്.
ഓഗസ്റ്റ് നാലിന് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ വിമാനം യാത്രയക്കിടെ അപ്രതീക്ഷിതമായി ഏകദേശം 300 അടി താഴേക്ക് പതിച്ചിരുന്നു. സംഭവത്തില്‍ 24 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തുടർന്ന് വിമാനത്തിന്റെ ക്യാപറ്റന് നടത്തിയ ലഹരി പരിശോധനപോസിറ്റീവായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.സംഭവത്തിന് പിന്നാലെ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ലഹരി പരിശോധനാ നടപടികള്‍ കൂടുതല്‍ ശക്തമാക്കാൻ എയർ ഇന്ത്യ ഒരുങ്ങുന്നത്.






