തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസിൽ ജോലിക്കിടെ മെഷീനിൽ കുടുങ്ങി ബെംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
ആർബിഐയ്ക്കായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മുംബൈ ആസ്ഥാനമായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ എച്ച്.എൻ. അശോക് (48) ആണ് മരിച്ചത്. ബേക്കറി ജംഗ്ഷനിലെ ആർബിഐ ഓഫീസിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്നതിനായി സ്ഥാപിച്ച പുതിയ മെഷീന്റെ ട്രയൽ റൺ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
മെഷീന്റെ ബെൽറ്റിൽ അശോകിന്റെ കൈ കുടുങ്ങുകയായിരുന്നു. തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം മെഷീനും ബെൽറ്റിനുമിടയിൽ കുടുങ്ങി ഗുരുതരമായി പരുക്കേറ്റു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ അശോകിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ സംബന്ധിച്ച് അധികൃതരുടെ പരിശോധന തുടരുകയാണ്.






