തിരുവനന്തപുരം: ബില്‍ കുടിശ്ശിക കാരണം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ വീണ്ടും കണ്ണുതുറന്നു.
കഴിഞ്ഞദിവസം മുതല്‍ പിഴ ചുമത്തിത്തുടങ്ങിയിട്ടുണ്ട്. അതിനാല്‍ നേരത്തേ ക്യാമറയില്‍ പതിഞ്ഞ നിയമലംഘനങ്ങള്‍ ഉടൻ അപ്ലോഡ് ചെയ്യും.
എ.ഐ ക്യാമറകളുടെ മേല്‍നോട്ടവും നടത്തിപ്പും കെല്‍ട്രോണിനാണ്. കരാർ അനുസരിച്ച് റോഡ് സുരക്ഷാ അതോറിറ്റിയാണ് കെല്‍ട്രോണിന് നിശ്ചിത ഗഡുക്കളായി തുക നല്‍കേണ്ടത്. നിലവില്‍ 55 കോടി രൂപ അതോറിറ്റിയില്‍ നിന്ന് കെല്‍ട്രോണിന് ലഭിക്കാനുണ്ട്. ഇതേത്തുടർന്നാണ് ഇന്റർനെറ്റ് ബില്‍ അടയ്ക്കാൻ സാധിക്കാതെ വരികയും ക്യാമറകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തത്.
നിലവില്‍ കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ച് സർക്കാർ തലത്തില്‍ ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ വിശ്വാസമർപ്പിച്ച് കെല്‍ട്രോണ്‍ സ്വന്തം നിലയ്ക്ക് തുക അടച്ചതോടെയാണ് ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചത്. 2023 ഏപ്രിലിലാണ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ സംസ്ഥാനത്ത് 625 എ.ഐ ക്യാമറകള്‍ സ്ഥാപിച്ചത്.
കെല്‍ട്രോണിന് നല്‍കേണ്ട പണത്തിന്റെ കാര്യത്തില്‍ തുടക്കംമുതല്‍ അലംഭാവമായിരുന്നു. ആദ്യ ഘഡു കിട്ടിയത് കോടതി ഇടപെടലിനെ തുടർന്നായിരുന്നു. പിന്നാലെ തവണൻകള് മുടങ്ങി കുടിശ്ശികയാവുകയായിരുന്നു.
232 കോടി രൂപ ചെലവിട്ട പദ്ധതിയില്‍ ഇതുവരെ പിഴ ഇനത്തില്‍ 325 കോടി രൂപ സർക്കാർ ഖജനാവിലെത്തി. പദ്ധതി നടത്തിപ്പിന് 14 ജില്ലകളിലും കണ്ട്രോള് റൂം സ്ഥാപിച്ച് കെല്‍ട്രോണ്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളവും ഓഫീസ് ചെലവും കെല്‍ട്രോണാണ് വഹിക്കേണ്ടത്.
പിഴ ചുമത്തിയത് സംബന്ധിച്ച് വാഹന ഉടമകള്‍ക്ക് നോട്ടീസ് അയക്കേണ്ട ചുമതലയും കെല്‍ട്രോണിനാണ്. പ്രതിവർഷം 25 ലക്ഷം നോട്ടീസ് അയക്കാനാണ് കരാറുള്ളതെങ്കിലും നിലവില്‍ 40 ലക്ഷത്തിലധികം നോട്ടീസുകള്‍ അയക്കേണ്ട സാഹചര്യമാണ്. ഇതിന് സർക്കാർ അധിക തുക നല്കാത്തതിനാല് നിലവില്‍ എസ്എംഎസ് മാത്രമാണ് അയക്കുന്നത്.






