പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊളള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും. പുതിയ കണ്ടെത്തലുകള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ കുറ്റപത്രം തയ്യാറാക്കാനാണ് എസ്ഐടി നീക്കം. 2025ലെ ദ്വാരപാലക പാളി കൈമാറ്റത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് എസ്ഐടി വിലയിരുത്തല്‍.
കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും വിവരമുണ്ട്. പിഎസ് പ്രശാന്ത്, അജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 2025ലെ ദ്വാരപാലക പാളി കൈമാറ്റത്തില്‍ സ്വര്‍ണക്കൊള്ള വീണ്ടും നടന്നിട്ടുണ്ട്. വൈകാതെ തന്നെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും വിവരമുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രസാന്തിനെയും മുന്‍ അംഗം അജികുമാറിനെയും എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്. നിലവില്‍ ഇരുവരും റിമാന്‍ഡിലാണ്. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഇരുവരും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ വേണ്ട ചികിത്സ നല്കാന് കോടതി നിര്‍ദേശിച്ചിരുന്നു.






