കോട്ടയം: ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളില്‍ പൊലിസ് ജനപങ്കാളിത്തത്തോടെ എഐ കാമറകൾ സ്ഥാപിക്കുന്നു. മോഷണം, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ, ട്രാഫിക് നിയമലംഘനങ്ങൾ എന്നിവ കൂടാതെ ക്രിമിനൽ സംഘങ്ങളെയും പിടികൂടി നിയമത്തിന്റെ പരിധിയില്ലെത്തിക്കാനാണ് എഐ കാമറകൾ സ്ഥാപിക്കുന്നത്.
സെന്‍ട്രല്‍ജംഗ്ഷന്‍, കെഎസ്ആര്‍ടിസി, പെരുന്ന, പാലാത്രച്ചിറ, തുരുത്തി പുന്നമൂട്, കുരിശുംമൂട്, തെങ്ങണ, കുന്നുംപുറം, നാലുകോടി, പായിപ്പാട് ജംഗ്ഷനുകളിലാണ് എഐ കാമറകള്‍ സ്ഥാപിക്കുന്നത്. സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ , വിവിധ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തിലാണ് കാമറകൾ സ്ഥാപിക്കുന്നത്.
ഈ കാമറകളുടെ കണ്ട്രോളിംഗ് സംവിധാനം അതതു പോലീസ് സ്റ്റേഷനുകള്‍ക്കായിരിക്കും. കോട്ടയം ജില്ലാ പോലീസ്മേധാവി കെ.എം. സാബു മാത്യുവിന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷൻ പരിധിയിൽ എഐ കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.






