മാനന്തവാടി: പതിമൂന്നുവർഷം മുമ്പ് കുട്ടി പൊലീസിന്റെ കുപ്പായമണിഞ്ഞ നാലുപേർ ഒരുമിച്ച് ഇനി കേരള പൊലീസിലേക്കും.
2013- 2015 ബാച്ചില്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂളില്‍ എസ്.പി.സി കേഡറ്റുകളായിരുന്ന മാനന്തവാടി സ്വദേശികളായ അഭിജിത് .സി. അജയൻ, സാമുവല്‍ റെയ്മണ്ട്, മുഹമ്മദ് അർഷാദ്, എം.എസ്. ഷാറോണ്‍ എന്നിവരാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്റ്റേറ്റ് ആംഡ് പൊലീസ് ക്യാമ്പില്‍ നടന്ന പൊലീസ് ബാൻഡ് ടീം പാസിംഗ് ഔട്ട് കഴിഞ്ഞ് സേനാംഗങ്ങളായി ജോലിയില്‍ പ്രവേശിച്ചത്.
എസ്.പി.സി കേഡറ്റുകള്‍ക്കായി സംസ്ഥാനത്ത് ആദ്യം ബാൻഡ് ടീം ആരംഭിച്ച സ്കൂളാണ് മാനന്തവാടി. അക്കാലത്ത് മാനന്തവാടി സി.ഐ. ആയിരുന്ന പി.എല്‍. ഷൈജുവിന്റെയും എസ്.പി.സിയുടെ ചുമതല വഹിച്ചിരുന്ന അദ്ധ്യാപകൻ ജോസഫ് സി.
പോളിന്റെയും നേതൃത്വത്തിലാണ് മാനന്തവാടി സ്കൂളില്‍ ബാൻഡ് ടീം തുടങ്ങിയത്. അന്ന് ടീമില്‍ അംഗങ്ങളായിരുന്ന കുട്ടികള്‍ പിന്നീട് വർഷങ്ങളോളം പൊലീസിന്റെ ഐ.ഡി.ആർ.ഡി പരേഡുകളിലും, പൊലീസിന്റെയും എസ്.പി.സിയുടെയും വിവിധ പരിപാടികളിലും ബാൻഡ് ടീമായി പ്രവർത്തിച്ചു. പൊലീസ് ബാൻഡ് ടീമില്‍ നിന്നു റിട്ടയർ ചെയ്ത ജോസഫ് ഓടപ്പള്ളമാണ് ഈ കുട്ടികള്‍ക്ക് ബാൻഡ് പരിശീലനം നല്‍കിയത്. ഡ്രില്‍ ഇൻസ്ട്രക്ടറായിരുന്ന പി.വി.
ബേബി, അദ്ധ്യാപകൻ ജിജി ജോസഫ് തുടങ്ങിയവരാണ് ഇവർക്ക് എസ്.പി.സി. പരിശീലനം നല്‍കിയത്. എസ്.പി.സി. ബാൻഡ് ടീമിനെ പിന്നീട് മുന്നോട്ടുനയിച്ചത് ഇപ്പോള്‍ ജില്ലാ പൊലീസ് ബാൻഡ് ടീം ക്യാപ്റ്റനായ ബഷീർ പനമരമാണ്. എസ്.പി.സി. അംഗങ്ങളുടെ നേട്ടം മാനന്തവാടി ജി.വി.എച്ച്.എസ്.എസിനും കേരള പൊലീസിനും ഒരുപോലെ അഭിമാനകരമായി മാറിയിരിക്കുകയാണ്






