പത്തനംതിട്ട: ആശുപത്രി സൂപ്രണ്ടിന്റെ മാനസിക പീഡനം മൂലം ജീവനക്കാരി കുഴഞ്ഞുവീണതായ് പരാതി. അടൂർ ജനറല് ആശുപത്രിയിലെ ഓഡിയോളജിസ്റ്റായ ക്രിസ്റ്റീന ബിനോയ് ആണ് കുഴഞ്ഞുവീണത്.
സംഭവത്തില് ആശുപത്രി സൂപ്രണ്ട് ഡോ. രചനാ ചിദംബരത്തിനെതിരെ ക്രിസ്റ്റീന ആരോഗ്യ വകുപ്പിലെ ഉന്നതർക്ക് പരാതി നല്കി. കഴിഞ്ഞ ഒക്ടോബർ ആറിനാണ് സംഭവം. ഡിഎംഒ ഓഫീസില് നിന്നുള്ള നിർദേശപ്രകാരം രക്ഷിതാവിനൊപ്പം 10 വയസുള്ള കുട്ടി ആശുപത്രിയില് കേള്വി പരിശോധനയ്ക്കായി എത്തി. 18 വയസില് താഴെയുള്ള കുട്ടികള്ക്ക് ചികിത്സ സൗജന്യമായതിനാല് അതിന്റെ നടപടികള് പ്രകാരം ക്രിസ്റ്റീന കുട്ടിക്ക് ചികിത്സ ലഭ്യമാക്കാൻ തുടങ്ങി. ഇതാണ് സൂപ്രണ്ടിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സീറോ ബില് പ്രകാരം ചികിത്സ നല്കിയതിനെ ചോദ്യം ചെയ്തെത്തിയ സൂപ്രണ്ട് ആളുകള്ക്ക് മുന്നില് വച്ച് ആക്ഷേപിച്ചെന്നും സമ്മർദ്ദം താങ്ങാനാകാതെ താൻ കുഴഞ്ഞുവീണപ്പോഴും ശകാരം തുടർന്നുവെന്നും ക്രിസ്റ്റീന പറയുന്നു.
ആശുപത്രിയിലായിട്ട് കൂടി ചികിത്സ നല്കാൻ പോലും അനുവദിച്ചില്ല. അപസ്മാര രോഗിയാണന്നും അണ്ഫിറ്റാണെന്നും പറഞ്ഞ് മെഡിക്കല് സർട്ടിഫിക്കറ്റ് ഹാജരാക്കാനും ഔദ്യോഗിക കൃത്യത്തില് വീഴ്ചവരുത്തി എന്ന് പറഞ്ഞ് മെമ്മോ നല്കിയതായും ക്രിസ്റ്റീന പറയുന്നു. ഇതിന് മുമ്പും ആശുപത്രിയിലെ മറ്റുപല ജീവനക്കാർക്കും സൂപ്രണ്ടില് നിന്നും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ജോലിയില് പ്രവേശിച്ചതിനു പിന്നാലെ ഒരു ഡോക്ടർ മാനസിക പീഡനം മൂലം ജോലി ഉപേക്ഷിച്ചു പോയതായും ആരോപണമുണ്ട്. ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും അടക്കം ക്രിസ്റ്റീന പരാതി നല്കിയിട്ടുണ്ട്. അതേസമയം, ആരോപണങ്ങള് അടിസ്ഥാന രഹിതമാണെന്നും ക്രമങ്ങള് പാലിക്കാതെ പരിശോധന നടത്തിയത് ചോദിക്കുകയാണ് ചെയ്തതെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.






