ഡൽഹി:ഉത്തർപ്രദേശില്‍ സുഹൃത്തില്‍ നിന്ന് ഗർഭിണിയായ 18 വയസുകാരിയെ അച്ഛന് നദിയില്‍ മുക്കിക്കൊന്നു. ആഗ്രയിലാണ് കൊലപാതകം നടന്നത്.
സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തുമായി പെണ്‍കുട്ടി അടുപ്പത്തിലാവുകയും ഗർഭിണിയാവുകയും ചെയ്തത്. പിന്നാലെ ജൂലൈ 31 ന് മകളെ ചികിത്സക്കെന്ന വ്യാജേന ആഗ്രയിലെത്തിച്ച് പിതാവ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 52കാരനായ അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിലെ ചമ്പല്‍ നദിയില്‍ വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്. ആഗ്രയില്‍ ബന്ധുവിന്റെ വീട്ടില്‍ താമസിച്ച ശേഷം തൊട്ടടുത്ത ദിവസം നദിയില്‍ മുക്കി കൊല്ലുകയായിരുന്നു. കൊലപാതകത്തിന് മുമ്പായി നദിക്കരയില്‍ വച്ച് മകളോട് സ്വയം വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കാൻ പ്രതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടി വിസമ്മതിച്ചതിനെതുടർന്ന് മുക്കി കൊല്ലുകയായിരുന്നു.
ഡല്‍ഹിയിലെ തിഗ്രിയിലുള്ള ബസൌനി ഗ്രാമവാസിയാണ് പെണ്‍കുട്ടി. മകള്‍ ആഗ്രയില്‍ വെച്ച് മരണപ്പെട്ടെന്നാണ് പ്രതി അയല്‍വാസികളോട് പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ മറ്റൊരു അയല്‍വാസി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാത വിവരം പുറത്തറിയുന്നത്. ആദ്യം ചോദ്യം ചെയ്യലില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പെണ്‍കുട്ടിയുടെ പിതാവ് ശ്രമിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. സംഭവത്തിന് പിന്നാലെ വെള്ളത്തില്‍ കിടക്കുന്ന മകളുടെ മൃതദേഹത്തിന്റെ കാലില്‍ പിടിച്ച് ക്ഷമ യാചിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. അവിവാഹിതയായ മകള്‍ ഗർഭിണിയായാല്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനം ഭയന്നാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രതിയുടെ വിശദീകരണം. പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.






