ചാലക്കുടി: അടുക്കളയില്‍ പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തിയതിനെ തുടർന്ന് വീട്ടമ്മ മരിച്ചു. മേലൂർ ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മിനു (37) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.
ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു മിനു. ഭർത്താവ് ജിബിൻ വിദേശത്താണ്. തിങ്കളാഴ്ച രാവിലെ ഭർതൃമാതാവിനൊപ്പം ആശുപത്രിയില്‍ പോയി മടങ്ങിയെത്തിയ മിനു വീട്ടിലെത്തിയ ഉടൻ അടുക്കളയിലേക്ക് കയറി.
ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് അടുക്കളയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് തീ ആളിപ്പടരുന്നത് കാണുകയായിരുന്നു.
അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ബന്ധുക്കളും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ മിനു സംഭവസ്ഥലത്തുതന്നെ മരിച്ചു.
കൊരട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.






