മലപ്പുറം: മലപ്പുറം വണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പന്തളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ കാരേറ്റ് ഭാഗത്ത് രാത്രി 7.30ഓടെയാണ് സംഭവം നടന്നത്.
യുവതിയുടെ പരാതിയിൽ മലപ്പുറം വണ്ടൂർ കാട്ടുമുണ്ട സ്വദേശി പി. ഷാനവാസിനെ വട്ടപ്പാറ പോലീസ് പിടികൂടി. തിരുവനന്തപുരത്ത് റെസ്റ്റോറന്റിൽ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന ഷാനവാസ് അതിക്രമത്തിന് മുതിർന്നെന്നാണ് പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതി ധൈര്യത്തോടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഉടൻ ബസ് കണ്ടക്ടറെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ ആവശ്യപ്രകാരം ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് വാഹനം വട്ടപ്പാറ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവിട്ടു.
സ്റ്റേഷനിലെത്തിയ ശേഷം കണ്ടക്ടറും യാത്രക്കാരും ചേർന്ന് പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഷാനവാസ് സ്റ്റേഷനിൽ ബഹളം വച്ചതായും പോലീസ് പറയുന്നു. വട്ടപ്പാറ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ തുടർനടപടികൾക്കായി പ്രതിയെ വെഞ്ഞാറമൂട് പോലീസിന് കൈമാറി.






