മലപ്പുറം: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍ സ്വകാര്യ ബസിന്റെ എന്‍ജിനകത്ത് ഉപ്പുവാരിയിട്ട് തകരാറിലാക്കിയ സംഭവത്തില്‍ മുന്‍ ഡ്രൈവറും കണ്ടക്ടറും പൊലീസിന്റെ പിടിയിലായി.
ബസ് മാനേജര്‍ നിസാറിന്റെ പരാതിയില്‍ മുന്‍ കണ്ടക്ടര്‍ കരുവാരകുണ്ട് കേരള സ്വദേശി റമീസ്, മുന്‍ ഡ്രൈവര്‍ കാരപ്പുറം പോത്തന്‍കോടന്‍ സല്മാന് എന്നിവരെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്.
ജോലി സംബന്ധമായ പോരായ്മകളെയും വീഴ്ചകളെയും തുടര്‍ന്നാണ് ഇരുവരെയും ബസ് ഉടമ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിലുള്ള പ്രതികാരമാണ് അതിക്രമത്തിന് കാരണം. കഴിഞ്ഞ മാസം 30-ന് രാത്രി 11 മണിയോടെ പൂക്കോട്ടുംപാടത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ എന്‍ജിനില്‍ പ്രതികള്‍ വന്‍തോതില്‍ ഉപ്പ് വാരിയിടുകയായിരുന്നു. എന്‍ജിനകത്ത് ഉപ്പിട്ടാല്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിഞ്ഞേ വാഹനം പണിമുടക്കൂ എന്നും, അതുവഴി തങ്ങളിലേക്ക് സംശയം നീളില്ലെന്നുമായിരുന്നു പ്രതികള്‍ കരുതിയിരുന്നത്.
എന്നാല്‍ പിറ്റേദിവസം സര്‍വീസ് നടത്തുന്നതിനിടെ 50 കിലോമീറ്റര്‍ സഞ്ചരിച്ചപ്പോഴേക്കും ബസിന്റെ എന്‍ജിനില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുകയും പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുകയുമായിരുന്നു. ഇതോടെ ബസ് ഉടമയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. സംഭവം വിവാദമായതോടെ ഒളിവില്‍ പോയ പ്രതികളെ പെട്രോള്‍ പമ്പിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് വലയിലാക്കിയത്.






