തൃശൂർ: കുട്ടനെല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് ഇരുമ്പ് പൈപ്പുകള്‍ പുറത്തേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.
കുട്ടനെലൂർ സ്വദേശി ഷെറിൻ പി ജോണ്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്തരയോടെയാണ് നടുക്കുന്ന സംഭവം നടന്നത്.
കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിന് മുന്നിലാണ് ദാരുണമായ അപകടമുണ്ടായത്. ഇരുമ്പു പൈപ്പുകള്‍ മുകളില്‍ കെട്ടിവച്ച് വരികയായിരുന്ന മിനി ലോറി സീബ്ര ലൈനില്‍ പെട്ടെന്ന് ബ്രേക്കിടുകയും പൈപ്പുകള്‍ മുന്നോട്ട് മറിയുകയുമായിരുന്നു. ഈ സമയം ലോറിയുടെ തൊട്ടു മുന്നില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഷെറിൻ. ലോറിയിലെ പൈപ്പുകള്‍ ഒന്നൊഴിയാതെ അദ്ദേഹത്തിന്റെ മുകളിലേക്ക് തെന്നിവീണു.
ബൈക്കും ലോറിയും ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. ലോറിയുടെ ബോഡിക്ക് മുകളില്‍ കെട്ടിവച്ച നിലയിലാണ് പൈപ്പുകള്‍ കൊണ്ടുപോയിരുന്നത്. പെട്ടെന്ന് ബ്രേക്കിട്ടപ്പോഴേക്കും പൈപ്പുകള്‍ ഊർന്ന് മുന്നിലേക്ക് വീഴുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ സാധിക്കാവുന്നത്ര വേഗത്തില്‍ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഷെറിൻ ധരിച്ച ഹെല്‍മറ്റ് തകർന്ന നിലയിലായിരുന്നു. തലക്കടക്കം ഗുരുതരമായ പരുക്ക് പറ്റിയ നിലയിലാണ് ഷെറിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ ഷെറിൻ മരിച്ചിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ലോറിയില്‍ പൈപ്പുകള്‍ കയറ്റിയിരുന്നത്. പൊലീസ് ലോറി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.






