കോട്ടയം: കോട്ടയത്ത് കേരള കോണ്‍ഗ്രസ് ബി വിട്ട് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയില്‍ ചേർന്നു. ജില്ലാ ചുമതല വഹിച്ചിരുന്ന നേതാക്കള്‍ ഉള്‍പ്പെടെ നൂറോളം പ്രവർത്തകരാണ് ബിജെപിയില്‍ അംഗത്വമെടുത്തത്.
കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ, ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് പി.എ., ജില്ലാ ട്രഷറർ ലൂക്ക പി.ജെ., കെ.ടി.യു.സി (ബി) സംസ്ഥാന കമ്മിറ്റി അംഗം സുനു സി. പണിക്കർ എന്നിവരാണ് ബിജെപിയില്‍ ചേർന്ന പ്രമുഖ നേതാക്കള്‍.
ഇവർക്കൊപ്പം കേരള കോണ്‍ഗ്രസ് ബി യുടെ നൂറോളം പ്രവർത്തകരും ബിജെപിയില്‍ അംഗത്വമെടുത്തു. കോട്ടയത്ത് നടന്ന ചടങ്ങില്‍ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷൻ ഷോണ്‍ ജോർജ്, ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാല്‍ എന്നിവർ ചേർന്ന് നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു.
കേരള കോണ്‍ഗ്രസ് ബി യിലെ ജില്ലാ തലത്തിലെ പ്രമുഖ നേതാക്കളടക്കം ബിജെപിയില്‍ എത്തിയതോടെ കോട്ടയത്ത് പാർട്ടിക്ക് കൂടുതല്‍ ശക്തി പകരുമെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തല്‍.






