തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച നാമനിർദേശ പത്രികയില്‍ നിർണായക വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ വിശദീകരണവുമായി ബേപ്പൂർ എംഎല്‍എ പി.എ മുഹമ്മദ് റിയാസ്.
ഫെസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎല്‍എയുടെ വിശദീകരണം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ലെന്നും എല്ലാം പൊതു രേഖയാണെന്നും ഇക്കാര്യം ആർക്കും പരിശോധിക്കാമെന്നും അദ്ദഹം വ്യക്തമാക്കി.
കോടതി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടില്ലെന്നും ആര് കോടതിയെ സമീപിച്ചാലും എതിർകക്ഷിക്ക് നോട്ടീസ് അയക്കുന്നത് സ്വാഭാവികമാണെന്നും തങ്ങള്‍ക്ക് ഇതുവരെയും നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദഹം പറയുന്നു.
നോട്ടീസ് ലഭിക്കുമ്പോള്‍ അഭിഭാഷകൻ ഹാജരാകുന്നതാണ് സാധാരണ നടപടിക്രമം. നേരിട്ട് ഹാജരാകണമെന്നില്ല. കള്ളപരാതികളെയും വ്യാജവാർത്തകളെയും
നിയമപരമായി നേരിടുമെന്നും അദ്ദഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയെടേതാണ് നിർദേശം. അഭിഭാഷകനായ നെയ്യാറ്റിങ്കര നാഗരാജ് നല്കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. നേരത്തെ ഈ വിഷയത്തില്‍ കീഴ്ക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് എടുക്കാനോ ഇടപെടാനോ തയ്യാറാകാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് റിയാസ് സമർപ്പിച്ച നാമനിർദേശ പത്രികയില്‍ വീണയുടെ സ്വത്ത് മറച്ചുവച്ചു എന്നാണ് നാഗരാജിന്റെ ആരോപണം. ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി ബന്ധമുണ്ടെന്ന് റിയാസ് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തില്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് സിഎംആർഎല്ലില്‍ നിന്നും പണം ലഭിച്ചതായി കണ്ടെത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.






