തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തില്‍ ഉള്‍പ്പെട്ട പാളയം പ്രദീപിനെ അഡീഷണല്‍ പി എ ആയി നിയമിക്കാൻ കത്ത് നല്കിയ രമ്യ ഹരിദാസ് എം എല്‍ എയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
സ്പീക്കറുടെ ഓഫീസിനെ സംശയത്തില്‍ ആക്കുന്ന ഇടപെടല്‍ അംഗീകരിക്കില്ലെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. സ്പീക്കറുടെ ഓഫീസിന്റെ ഇൻഡിപെൻഡൻസിനെ ചോദ്യം ചെയ്യാൻ പാടില്ല. വിവാദത്തിലേക്ക് സ്പീക്കറുടെ ഓഫീസിനെ വലിച്ചിഴയ്ക്കരുത്. നിയമപരമായ പരിഹാരം ഉണ്ടാക്കുന്നതിന് മറ്റു മാർഗ്ഗങ്ങളുണ്ട്. സ്പീക്കറുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഒന്നുമുണ്ടാകരുതെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. രമ്യ ഹരിദാസ് നല്കിയ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി. സ്പീക്കർ ഓഫീസ് കക്ഷി അല്ലാതിരുന്നിട്ടും കക്ഷി ആക്കാൻ ശ്രമിക്കരുത്. രമ്യയോട് സംസാരിച്ചെന്നും ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
രമ്യ ഹരിദാസ് ഉള്‍പ്പെട്ട ചിറയിൻകീഴ് കയ്യാങ്കളിയുടെ പേരില്‍ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണല്‍ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു എം എല്‍ എ. 21-5 മുതല്‍ പാളയം പ്രദീപ് ഒപ്പമുണ്ടെന്നും അന്നത്തെ തിയ്യതി വെച്ച് പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. സ്പീക്കറുടെ ഓഫീസില്‍ ആദ്യം സമർപ്പിച്ച കത്ത്, നിയമസഭാ സെക്രട്ടറിക്ക് നല്‍കാനാവശ്യപ്പെട്ട് മടക്കി. സെക്രട്ടറി അവധിയായതിനാല്‍ കത്ത് ഓഫീസിലേല്‍പ്പിച്ചു. വിവാദമായതോടെ കത്ത് തിരിച്ചെടുക്കാൻ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതൃപ്തി പരസ്യമാക്കി കെപിസിസി പ്രസിഡന്റ്
അതേസമയം പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എല്‍ എയുടെ നടപടിയില്‍ കടുത്ത അതൃപ്തി പരസ്യമാക്കി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. പാളയം പ്രദീപിനെ, അഡീഷണല്‍ പി എ ആയി നിയമിക്കാനായി കത്ത് കൊടുത്തത് അഭികാമ്യമല്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മുൻകാല പ്രാബല്യത്തോടെ ഇപ്പോള്‍ കത്ത് നല്കിയെങ്കില് അത് ശരിയല്ല എന്നതാണ് കെ പി സി സിയുടെ നിലപാട്. രമ്യ കത്ത് നല്കിയ തീയതി ഉള്‍പ്പെടെ പരിശോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കയ്യാങ്കളി വിവാദം അന്വേഷിക്കുന്ന കെ പി സി സി സമിതി അധ്യക്ഷൻ എം.എം ഹസ്സൻ ഉള്‍പ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്യും. ചിറയിൻകീഴിലെ വിഷയം പാർട്ടിക്ക് സല്പേരല്ല ഉണ്ടാക്കിയിട്ടുള്ളതെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു. ചിറയിൻകീഴ് സംഘർഷത്തിന് ശേഷമാണ് പ്രദിപിന് വേണ്ടി രമ്യ കത്ത് നല്കിയതെങ്കില് അത് ശരിയല്ലെന്നും കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കി.






