പാലക്കാട്: സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ നേതാവിനെതിരെ ഭാര്യയുടെ പരാതി. സംസ്ഥാന-ജില്ലാ നേതൃത്വത്തിനാണ് യുവതി പരാതി നല്‍കിയത്.
പ്രാദേശിക പാർട്ടി നേതാവായ സ്ത്രീയുമായി ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നാണ് പരാതിയിലെ
ആരോപണം. പരാതി നല്കി മൂന്നുമാസമായിട്ടും ഇക്കാര്യത്തില്‍ നടപടിയെടുക്കാൻ പാർട്ടി തയ്യാറായിട്ടില്ല.
നിയമസഭാ തിരഞ്ഞടുപ്പില്‍ പാർട്ടിക്കുണ്ടായ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ച് പരിഹാരം കാണുന്നതിനായുള്ള സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി നടക്കുന്നതിനിടെയാണ് ജില്ലാ നേതാവിനെതിരെയുള്ള ഭാര്യയുടെ പരാതി. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ ചോദ്യംചെയ്തപ്പോഴെല്ലാം ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പാർട്ടി പരാജയപ്പെട്ട ദിവസം വീണ്ടും അതേ സ്ത്രീയുമായി ബന്ധം പുലർത്തിയെന്നും അതേക്കുറിച്ച് ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പരാതിയുമായി പാർട്ടിയെ സമീപിച്ചതെന്നും യുവതി വ്യക്തമാക്കി. സിപിഎം അനുഭാവിയെന്ന നിലയില്‍ രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ കൂടി ഭാഗമായാണ് പരാതി നല്‍കുന്നതെന്നും യുവതി പറയുന്നു.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്കിയ പരാതിയുടെ പകർപ്പ് പാലക്കാട് ജില്ലാ സെക്രട്ടറിക്കും യുവതി കൈമാറി. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം കെ രാധാകൃഷ്ണൻ എം പി പരാതിയെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും പ്രാഥമിക മൊഴിയെടുക്കല്‍ നടത്തിയിട്ടുണ്ടെന്നുമാണ് വിവരം. എന്നാല്‍, ഇതുവരെയും നടപടിയെടുക്കാൻ പാർട്ടി തയ്യാറായിട്ടില്ല. നേരത്തെയും നേതാവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പാർട്ടിക്കുള്ളില്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഗൗരവത്തിലെടുക്കുന്നതിന് പകരം ഡിവൈഎഫ്ഐ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനം നല്കി സംരക്ഷിച്ചെന്നുമാണ് വിമർശനം. ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് യുവതി സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്.






