തിരുവനന്തപുരം: ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്.
ഇതുവഴി സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ പ്രായാമയവരും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാരെ ഹൈവേയില്‍ ഇറക്കിവിടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നടപടി. ഇത്തരത്തില്‍ ഇറക്കിവിടുമ്പോള്‍ ഹൈവേയില്‍നിന്ന് പുറത്തിറങ്ങാൻ കിലോമീറ്ററുകള്‍ നടക്കേണ്ടിവരുന്നെന്ന് കാട്ടി നിരവധിപ്പേരാണ് പരാതിപ്പെടുന്നത്.
സർവീസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹൈവേയില്‍ നിർത്തുന്ന ബസുകള്‍ പെട്ടെന്ന് റിവേഴ്സ് എടുക്കുന്നത് അപകടത്തിനും കാരണമാകുന്നുണ്ട്. ഇക്കാര്യങ്ങള്‍ മുൻനിർത്തി നിയമങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
ആറുവരിപ്പാതയില്‍ ഒരിടത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്നും ഒരു സ്ഥലത്തും ബസ് സ്റ്റോപുകള്‍ അനുവദിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു. അതിനാല്‍ സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് സർവീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂവെന്നും ഇത് ലംഘിച്ചാല്‍ കർശന നടപടി സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്.






