കുമരകം: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ കേരളപ്പിറവി ദിനമായ നവംബർ 1 വരെ കുമരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വിപുലമായ ജനകീയ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. വാർഡിനെ സമ്പൂർണ്ണ പ്ലാസ്റ്റിക് മാലിന്യമുക്തവും വൃത്തിയുള്ളതുമായ മാതൃകാ വാർഡാക്കി മാറ്റുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ക്യാമ്പയിന്റെ ഭാഗമായി വാർഡിലെ മുഴുവൻ റോഡുകളും നടപ്പാതകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കും. റോഡരികുകളിലേക്ക് വളർന്നുനിൽക്കുന്ന പുല്ലുകൾ, കാടുപിടിച്ച ഭാഗങ്ങൾ, പാഴ്ച്ചെടികൾ, ചെറിയ കാടുകൾ എന്നിവ വെട്ടിമാറ്റി വഴികളുടെ ഇരുവശങ്ങളും വൃത്തിയാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസ്സമാകുന്ന ചെടികളും മറ്റും നീക്കം ചെയ്ത് റോഡുകൾ വൃത്തിയും സുരക്ഷിതവുമാക്കും.
റോഡുകൾ, നടപ്പാതകൾ, തോടുകളുടെയും പാലങ്ങളുടെയും പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുകയും തരംതിരിച്ച് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ശാസ്ത്രീയമായി കൈകാര്യം ചെയ്യുകയും ചെയ്യും.
ഒക്ടോബർ 2 മുതൽ നവംബർ 1 വരെ വിവിധ പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പം, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറുന്നതിനും ജനങ്ങളിൽ ബോധവൽക്കരണം നടത്തും.
ഒരു ദിവസത്തെ ശുചീകരണ പ്രവർത്തനത്തിൽ ഒതുങ്ങാതെ വൃത്തിയുള്ള റോഡുകളും പൊതുസ്ഥലങ്ങളും, മാലിന്യമുക്തമായ പരിസരവും, മാലിന്യം തരംതിരിച്ച് കൈമാറുന്ന ശുചിത്വ സംസ്കാരവും വാർഡിൽ സ്ഥിരമായി വളർത്തുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
വാർഡിലെ മുഴുവൻ ജനങ്ങളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ പങ്കാളിത്തത്തോടെ കേരളപ്പിറവി ദിനമായ നവംബർ 1ന് പ്ലാസ്റ്റിക്മാലിന്യ മുക്തവും വൃത്തിയുള്ളതുമായ മാതൃകാ വാർഡ് എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നതെന്ന് വാർഡ് മെമ്പർ വി.കെ.സുനിത്ത് പറഞ്ഞു.






