തിരുവനന്തപുരം: സി.എം.ആർ.എല്‍-എക്സാലോജിക് കേസില്‍ മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും കടുത്ത ആരോപണങ്ങള്‍.
എൻഫോൻസ്മെൻ്റ് ഡയറക്ട്രേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിലെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുഹമ്മദ് റിയാസിന് ഹവാല ഇടപാടുകാരുമയി ബന്ധമുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബേപ്പൂർ എം.എല്‍.എയുടെ സുഹൃത്തായ വാരിസ് നല്‍കിയതായി പറയപ്പെടുന്ന മൊഴിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പടെ ഇ.ഡി കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2026 സെപ്റ്റംബർ 18-ന് നടന്ന പരിശോധനക്കിടെ വാരിസിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു എന്നും മുൻ മന്ത്രിയും ബേപ്പൂർ എം.എല്‍.എയുമായ മുഹമ്മദ് റിയാസിന് ഹവാല ഇടപാടുകാരുമായുള്ള അവിശുദ്ധ ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ മൊഴിയിലുണ്ടെന്നും ഇ.ഡി ഡി.ജി.പിക്ക് നല്കിയ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം.
മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശപ്രകാരം 2024 ജൂണ്‍ ജൂലൈ മാസങ്ങളില്‍ തനിക്ക് പരിചയമില്ലാത്ത ചിലർ തൻ്റെ ഓഫീസില്‍ പണം എത്തിച്ച് നല്‍കിയതായും ഈ പണം ഹവാല ഏജൻ്റായ സുബൈ കരുവമ്പൊയില്‍ വഴി 2024, 2025 വർഷങ്ങളില്‍ വിവിധ തവണകളായി ദുബായിലുള്ള ഫൈജസ് പി.വി എന്നയാള്‍ക്ക് അയച്ചുകൊടത്തതായും വാരിസ് മൊഴി നല്‍കിയതായി ഇ.ഡി നല്കിയ കത്തില്‍ പരാമർശിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം ഇ.ഡി പുറത്തുവിട്ട തെളിവുകള്‍ വീണ ഭാവിയില്‍ ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്ന ബിസിനസ്സുമായി ബന്ധപ്പെട്ടതാണ് എന്നാണ് മുഹമ്മദ് റിയാസ് എം.എല്‍.എയുടെ വിശദീകരണം. ഇ.ഡിയുടേത് മികച്ച തിരക്കഥയാണെന്നും ഇത് എഴുതിയവർക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നല്‍കണമെന്നും അദ്ദേഹം പരിഹസിച്ചു.
തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നു. ഒരു ഡയറി കിട്ടിയെന്നും അതൊരു പ്രധാനപ്പെട്ട തെളിവാണെന്നുമാണ് പറയുന്നത്. പ്രധാന തെളിവാണെങ്കില്‍ അത് പുറത്തുവിടണമെന്ന് പറഞ്ഞ മുഹമ്മദ് റിസാസ്, സി.പി.എം വിശാല സംസ്ഥാന കമ്മറ്റിയുടെ അവസാന ദിനമായ ഇന്ന് തന്നെ ഇത്തരം വാർത്തകള്‍ പുറത്തുവിട്ടതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും ആരോപിച്ചു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ വീണയുടെ ചുവന്ന ഡയറി കണ്ടെത്തിയെന്ന ആരോപണം പ്രതിപക്ഷ നേതാവ് പിണറായി വിജയനും നിഷേധിച്ചിരുന്നു.






