തിരുവനന്തപുരം: മുഴുവൻ തുകയും നല്കി വാഹനം വാങ്ങിയ ആളുടെ പേരില്‍ വ്യാജമായി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പള്ളിച്ചല്‍ ശിവപ്രസാദ് നിലയത്തില്‍ സുമകുമാരിയെ (44) നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു.
നെയ്യാറ്റിൻകരയിലെ ഷോറൂമില്‍ നിന്ന് മുഴുവൻ തുകയും അടച്ച് വാഹനം വാങ്ങിയ ഉപഭോക്താവിന്റെ പേരിലാണ് വ്യാജരേഖ ചമച്ച് ബാങ്ക് വായ്പ ഒപ്പിച്ചത്.
ആർ.സി ഉടമ അറിയാതിരിക്കാൻ വേണ്ടി ആർ.സി ബുക്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയ ഭാഗം പ്രതി വിദഗ്ദ്ധമായി മായ്ച്ചു കളയുകയും ആർ.സി ഉടമയുടെ ഫോണ്‍ നമ്പറിന് പകരം പ്രതി സ്വന്തം ഫോണ്‍ നമ്പറാണ് ആർ.സി രേഖകളില്‍ നല്‍കിയിരുന്നത്.
വായ്പാ തവണ മുടങ്ങിയപ്പോള്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ഓട്ടോമാറ്റിക്കായി പിടിക്കപ്പെടുകയും ഇത് ഉടമ ശ്രദ്ധിക്കാതിരിക്കാൻ പ്രതി ആ തുക ഉടമയുടെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ചു പോകുമായിരുന്നു.
എന്നാല്‍ അക്കൗണ്ട് പരിശോധനയില്‍ സംശയം തോന്നിയ ഉടമ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിചിത്രമായ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്.
തുടർന്ന് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സബ് ഇൻസ്പെക്ടർ വി. ജോണ്‍, അസിസ്റ്റന്റ് സബ് ഇൻപെക്ടർ സുകേഷ്, സിവില്‍ പൊലീസ് ഓഫീസർ അനുസ്മിത എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






