ഡല്‍ഹി: ജന്തര്‍ മന്തറിലെ സമരത്തിനിടെ ദളിത് ആക്ടിവിസ്റ്റിന്റെ പിതാവിനെ തല്ലിച്ചതച്ച് തലയോട്ടി തകര്‍ത്ത സംഭവം പരസ്യമായി വിളിച്ചുപറഞ്ഞിട്ടും ഹിന്ദുത്വ ഇന്‍ഫ്ലുവന്‍സര്‍ സ്വതന്ത്ര ഭാരദ്വാജിനെ അറസ്റ്റ് ചെയ്യാന്‍ മടിച്ച് ഡല്‍ഹി പോലീസ്!
കേസില്‍ പോലീസിന്റെ ഒളിച്ചുകളിയും ബി.ജെ.പി. നേതാക്കളുടെ സ്വാധീനവും ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി.) പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് വളഞ്ഞു. വന്‍ പ്രതിഷേധമാണ് തലസ്ഥാനത്ത് ഇരമ്പുന്നത്. സംഭവം വന്‍ വിവാദമായതോടെ പോലീസ് സ്റ്റേഷന് മുന്നില്‍ വന്‍ സുരക്ഷാ സന്നാഹമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്ത നിഷു ആസാദ് എന്ന ദളിത് ആക്ടിവിസ്റ്റിന്റെ പിതാവ് സഞ്ജയ് കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ച വിവരം ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സ്വതന്ത്ര ഭാരദ്വാജ് തുറന്നുപറഞ്ഞത്. തനിക്ക് വലിയ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും വധശ്രമക്കേസ് ആയിട്ടും ഒരു രാത്രി പോലും ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ലെന്നും ഇയാള്‍ വന്‍ വീമ്പുപറച്ചിലോടെ
അവകാശപ്പെടുകയായിരുന്നു.
ഞാന്‍ നിഷുവിന്റെ അച്ഛന്റെ തലയടിച്ചു പൊട്ടിച്ചു. സെക്ഷന്‍ 307 ചുമത്തേണ്ട കേസാണിത്. അയാള്‍ക്ക് 60 തുന്നലുകള്‍ വേണ്ടിവന്നു. പക്ഷേ ഞാന്‍ ഒരു രാത്രി പോലും ജയിലില്‍ കിടന്നിട്ടില്ല. കപില്‍ മിശ്ര എന്റെ ജ്യേഷ്ഠനെപ്പോലെയാണ്. കപില്‍ മിശ്ര വിളിച്ച് പറഞ്ഞിട്ടാണ് എന്നെ വിട്ടയച്ചതെന്ന് എല്ലാവരും പറയുന്നു,' എന്നായിരുന്നു ഭാരദ്വാജിന്റെ വിവാദ പ്രസ്താവന. ഇത് കൂടാതെ 'ഫീല്‍ ദി പവര്‍' എന്ന അടിക്കുറിപ്പോടെ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതി തന്നെ നേരിട്ട് എത്തി കുറ്റസമ്മതം നടത്തിയിട്ടും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് ഡല്‍ഹി പോലീസ് സ്വീകരിക്കുന്നതെന്ന് സി.ജെ.പി. വക്താവ് സൗരവ് ദാസും സ്ഥാപകനായ അഭിജീത് ദിപ്കെയും രൂക്ഷമായി വിമര്‍ശിച്ചു. തലയോട്ടി തകര്‍ന്നിട്ടില്ലെന്നും പരിക്കുകള്‍ നിസ്സാരമാണെന്നും പറഞ്ഞ് കേസ് ഒതുക്കിതീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. നിയമം കയ്യിലെടുക്കുന്ന ഇത്തരം ആളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്തിനാണ് മടിക്കുന്നതെന്നും നിയമമില്ലാത്ത വ്യവസ്ഥിതിയാണോ രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അവര്‍ ചോദിച്ചു.
സംഭവത്തില്‍ ഐസയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, സംഭവം കൈവിട്ടുപോയെന്ന് മനസ്സിലായതോടെ താന്‍ ആത്മരക്ഷാര്‍ത്ഥമാണ് ഇടപെട്ടതെന്നും വാക്കുകള്‍ പരിഹാസ രൂപേണ പറഞ്ഞതാണെന്നും ന്യായീകരിച്ച് സ്വതന്ത്ര ഭാരദ്വാജ് രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍.






