തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി.
ദേശീയ തലത്തില്‍ വൈദ്യുതി ലഭ്യത കുറഞ്ഞതും കല്‍ക്കരി ക്ഷാമം രൂക്ഷമായി തുടരുന്നതുമാണ് നിയന്ത്രണത്തിന് പിന്നില്‍. പീക്ക് സമയത്തെ ആവശ്യകതയില്‍ ഇന്നലെ നേരിയ കുറവുണ്ടായെങ്കിലും ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ ലോഡ് റെഗുലേഷൻ ഒഴിവാക്കാനാവില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.
കെ.സി വേണുഗോപാലിന്റെ ഇടപെടലില്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് അധിക വൈദ്യുതി എത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ലഭിച്ചത് പ്രതീക്ഷിച്ചതിലും കുറവ്. സെപ്റ്റംബർ 15 ഓടെ കല്‍ക്കരി പ്രതിസന്ധി തീരുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ പൂർണ പരിഹാരമായിട്ടില്ല.
ഇത് താപനിലയങ്ങളുടെ ഉത്പാദനത്തെയും സാരമായി ബാധിച്ചു. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് കിട്ടേണ്ട 1600 മെഗാവാട്ടിലും കുറവ് വന്നിട്ടുണ്ട്. കൂടുതല്‍ വൈദ്യുതി കണ്ടെത്താൻ ശ്രമം തുടരുകയാണെങ്കിലും ക്ഷാമം തുടരുകയാണ്.അതിനിടെ ഇന്നലെ സംസ്ഥാനത്തെ പീക്ക് ഡിമാൻഡ് 4564 മെഗാവാട്ട് ആയിരുന്നു. ആകെ ഉപയോഗം 94.08 ദശലക്ഷം യൂണിറ്റും.






