ചെന്നൈ: തമിഴ്നാട്ടിലെ ജനപ്രതിനിധികള്‍ക്ക് വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.സി. വിജയ്. സംസ്ഥാനത്തെ എല്ലാ എം.എല്‍.എമാര്‍ക്കും യാത്രയ്ക്കായി സര്‍ക്കാര്‍ ചെലവില്‍ പുതിയ കാറുകള്‍ നല്‍കുമെന്നും, മണ്ഡലങ്ങളിലിറങ്ങി പ്രവര്‍ത്തിക്കാന്‍ പ്രതിമാസം 75,000 രൂപ വാഹന അലവന്‍സായി അനുവദിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
സ്വന്തമായി വാഹനമില്ലാത്തതും യാത്രാച്ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതും മൂലം മണ്ഡലത്തിലെ ജനങ്ങളെയും ഉദ്യോഗസ്ഥരെയും നേരില്‍ കാണാന്‍ പ്രയാസപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി വി.സി.കെ എം.എല്‍.എ ജ്യോതിമണി ഉന്നയിച്ച ആവശ്യത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ണായക നീക്കം. എംഎല്‍എമാര്‍ അഴിമതിയെ കുറിച്ച് ചിന്തിക്കുക പോലും അരുതെന്ന നിലപാടിലാണ് വിജയ്. അതുകൊണ്ടാണ് എംഎല്‍എമാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ഇടവരാത്ത വിധത്തില്‍ അവര്‍ക്ക് അനുുകൂല്യം നല്കാന് തീരുമാനിച്ചിരിക്കുന്നത്.
എം.എല്‍.എമാര്‍ക്ക് നല്കുന്ന മാസം 75,000 രൂപ അലവന്‍സില്‍ ഡ്രൈവറുടെ ശമ്പളം, ഇന്ധനം, വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ എന്നിവ ഉള്‍പ്പെടും. ഇതിനുപുറമെ, എം.എല്‍.എ ഓഫീസുകളില്‍ ഒരു സഹായിയെ നിയമിക്കുന്നതിനും അവരുടെ ശമ്പളത്തിനുമായി പ്രതിമാസം 25,000 രൂപ വേറെയും അനുവദിക്കും. ഔദ്യോഗിക വാഹനങ്ങളില്ലാത്തതിനാല്‍ വലിയ തുക കയ്യില്‍ നിന്ന് ചെലവാക്കേണ്ടി വരുന്നുവെന്ന പുതിയ എം.എല്‍.എമാരുടെ പരാതിക്ക് ഇതോടെ പരിഹാരമാകും.
എം.എല്‍.എമാര്‍ക്കുള്ള ബോണസിന് പുറമെ ആരോഗ്യ മേഖലയ്ക്കായും വന്‍ പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസ്, നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകളിലായി 6,098 അധിക സീറ്റുകള്‍ സൃഷ്ടിക്കുന്നതിന് 351 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് 7 പുതിയ നഴ്സിങ് കോളജുകള്‍ ആരംഭിക്കും.
പെരമ്പലൂരില്‍ 300 കോടി രൂപ ചെലവില്‍ ലോകോത്തര നിലവാരത്തിലുള്ള 400 കിടക്കകളുള്ള മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി നിര്‍മിക്കും. കൂടാതെ, മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള വാര്‍ഷിക ചികിത്സാ സഹായ പരിധി അഞ്ചു ലക്ഷം രൂപയില്‍ നിന്ന് ഒറ്റയടിക്ക് 25 ലക്ഷം രൂപയായി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
നിലവില്‍ തമിഴ്നാട്ടിലെ എംഎല്‍എമാരുടെ ശമ്പളം 105000 രൂപയാണ്. നേരത്തെ ഇത് 55000 രൂപയായിരുന്നു. അടുത്ത കാലത്താണ് ഇവിടെ ശമ്പളം കൂട്ടിയത്. ഇതിന് പുറമെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും. എങ്കിലും അവരുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ എംഎല്‍എമാര്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവാണ്. കേരളത്തിനേക്കാള്‍ ശമ്പളം കുറവാണ് ത്രിപുരയിലും മേഘാലയയിലും. 20,000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള എംഎല്‍എമാര്‍ തെലങ്കാനയിലാണ്. രണ്ടര ലക്ഷം രൂപയാണ് തെലങ്കാന എംഎല്‍എമാരുടെ പ്രതിമാസ ശമ്പളം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണത്. കേന്ദ്ര വിഹിതം മതിയായ അളവില്‍ കിട്ടുന്നില്ല എന്ന ആക്ഷേപം തെലങ്കാന സര്‍ക്കാരിനുമുണ്ട്. തെലങ്കാനയുടെ നിരക്കിലേക്ക് കേരളം ശമ്പളം കൂട്ടുമോ എന്നും ഇനി അറിയേണ്ടതുണ്ട്. ബംഗാളിലെ എംഎല്‍എമാരുടെ പ്രതിമാസ ശമ്പളം ആനുകൂല്യങ്ങള്‍ ചേര്‍ത്ത് 1.20 ലക്ഷമാണ്.






