എറണാകുളം: എറണാകുളം ജില്ലയിലെ കുന്നത്തുനാടിന് സമീപമുള്ള അസമണ്ണൂർ ഭാഗത്ത് കൂഴംചിറയിൽ വീട്ടിൽ അരുണിൻ്റെ ഭാര്യ ലിബിനാ ബേബി തട്ടിപ്പിൻ്റെ ഉസ്താദാണ്.

കുന്നത്തുനാട് പള്ളിക്കരയിലുള്ള യൂണിയൻ ബാങ്കിൽ തൻ്റെ സ്വർണ്ണം പണയത്തിലിരിക്കുകയാണെന്നും ലേലം ചെയത് പോകുമെന്നും അതിനാൽ സ്വർണ്ണം വിൽക്കാനായി സഹായിക്കണമെന്നും പറഞ്ഞ് ലിബിന സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സമീപിച്ചു. ഇതനുസരിച്ച് ഈ ബാങ്കിലുള്ള ലിബിനയുടെ അക്കൗണ്ടിലേക്ക് ധനകാര്യ സ്ഥാപനം പണം അയച്ച് നൽകി. തുടർന്ന് പണയം തിരികെ എടുത്ത് ധനകാര്യ സ്ഥാപനത്തിൽ വിൽക്കാനായി യുവതി ബാങ്കിലേക്ക് കയറിപ്പോയി. ഈ സമയം ധനകാര്യ സ്ഥാപനത്തിൻ്റെ ജീവനക്കാർ ബാങ്കിന് പുറത്ത് ലിബിന തിരികെ വരുന്നതും കാത്ത് നിൽപ്പുണ്ടായിരുന്നു.
എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും ലിബിന തിരികെ വരാതിരുന്നതിനേ തുടർന്ന് ബാങ്കിൽ എത്തി അന്വേഷിച്ചപ്പോഴാണ് അങ്ങനെ ഒരു ഇടപാട് നടന്നിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നത്. എന്നാൽ ലിബിന ബാങ്കിലേക്ക് കയറി പോകുന്നത് കണ്ടതായി ധനകാര്യ സ്ഥാപനത്തിൻ്റെ ജീവനക്കാർ തറപ്പിച്ച് പറഞ്ഞതോടെ ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ദൃശ്യങ്ങളിൽ ബാങ്കിലേക്ക് എത്തിയ ലിബിന മിനിറ്റുകൾക്കകം ബാങ്കിൻ്റെ മറുവശത്തെ വാതിലിൽ കൂടി മുങ്ങുന്നത് കണ്ടു. ഇതോടെയാണ് നടന്നത് തട്ടിപ്പാണെന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് മനസിലായത്.
തുടർന്ന് പള്ളിക്കര മേഖലയാകെ അരിച്ച് പെറുക്കിയെങ്കിലും ലിബിനയെ കണ്ടെത്താൻ സാധിച്ചില്ല. ഇതേ തുടർന്ന് തട്ടിപ്പ് സംബന്ധിച്ച് കുന്നത്തുനാട് പൊലീസിൽ ധനകാര്യ സ്ഥാപന അധികൃതർ പരാതി നൽകി.
ലിബിനയുടെ അധാർ കാർഡ് പരിശോധിച്ച പൊലീസും ആളെ കണ്ട് ഞെട്ടി. മുൻപ് പെരുമ്പാവൂരിലും, പുത്തൻകുരിശിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തി മുങ്ങിയ അതേ യുവതിയാണ് കുന്നത്തുനാട്ടിലും തട്ടിപ്പ് നടത്തിയതെന്ന് മനസിലായി.
തുടർന്ന് ലിബിനയുടെ പേരിൽ പൊലീസ് കേസെടുത്തു. ലിബിനയ്ക്കായി വിവിധ സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം തുടങ്ങി. ഫോട്ടോയിൽ കാണുന്ന ലിബിനയെന്ന പെരുംകള്ളിയേ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കുക.






