തിരുവനന്തപുരം: ബിഗ് ബോസ് കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ മോഹൻലാല്‍ ധരിച്ച നീല ഷർട്ടിലെ വ്യത്യസ്തമായ ചിത്രം ശ്രദ്ധ നേടിയിരുന്നു.
നിരവധി മനുഷ്യരുടെ മുഖങ്ങള്‍ക്കൊപ്പം 'We the people' എന്ന വാക്കുകളും ഉള്‍പ്പെട്ട ഡിസൈനായിരുന്നു ഷർട്ടിന്റെ ഇടത് ഭാഗത്തുണ്ടായിരുന്നത്. എന്നാല്‍ ആ ചിത്രം തന്റെ 'Global Peace' ആർട്ട്വർക്കിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവകാശപ്പെട്ട് ആർട്ടിസ്റ്റ് സിജിൻ ഗോപിനാഥൻ രംഗത്തെത്തിയിരിക്കുകയാണ്.
ഏകദേശം മൂന്ന് വർഷത്തോളം യുഎഇയിലെ തെരുവുകളിലൂടെ സഞ്ചരിച്ച് വിവിധ രാജ്യക്കാരായ ആളുകളെ നേരില്‍ കണ്ടും വരച്ചുമാണ് തന്റെ 'Global Peace' ആർട്ട്വർക്ക് രൂപപ്പെട്ടതെന്ന് സിജിൻ പറയുന്നു. യുഎഇയിലെ വൈവിധ്യത്തിന്റെ ദൃശ്യരേഖ കൂടിയാണ് ആ ചിത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
ആളുകളെ ഒരുമിച്ച് വരക്കുന്നതും 'Diversity' എന്ന ആശയവും ആരുടേയും മാത്രം സ്വന്തമല്ലെന്ന് സിജിൻ സമ്മതിക്കുന്നുണ്ട്. എന്നാല്‍ നിലവിലുള്ള ഒരു ആർട്ട്വർക്കിലെ തിരിച്ചറിയാൻ കഴിയുന്ന മുഖങ്ങളും ഭാവങ്ങളും കഥാപാത്രങ്ങളും ദൃശ്യഭാഷയും അടിസ്ഥാനമാക്കി ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പോലും അതിന്റെ യഥാർഥ ഉറവിടം ഇല്ലാതാകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
മോഹൻലാലിനെതിരെയുള്ള പരാതിയല്ല ഇതെന്നും സിജിൻ വ്യക്തമാക്കിയിട്ടുണ്ട്. ഷർട്ടിലെ ഡിസൈനിന് പിന്നില്‍ പ്രവർത്തിച്ച ഫാഷൻ, ഡിസൈൻ, മീഡിയ ടീമിനോടാണ് തന്റെ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.






