ബംഗളൂരു: വീട്ടില്‍ അതിക്രമിച്ചു കയറിയ ഡെലിവറി ഏജന്റ് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി. താൻ നേരിട്ട ഞെട്ടിക്കുന്ന അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ യുവതിക്ക് സഹായവുമായി ബെംഗളൂരു പൊലീസ് എത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട പോലീസ്, സംഭവത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കാൻ യുവതിയോട് ആവശ്യപ്പെടുകയും നിയമനടപടികള്‍ ആരംഭിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റുചെയ്തു. വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളാണ് അറസ്റ്റിലായത്.
പാഴ്സല്‍ നല്‍കാനായി വീട്ടിലെത്തിയ ഡെലിവറി ഏജന്റ്, തനിക്ക് ശുചിമുറി ഉപയോഗിക്കണമെന്ന് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അപരിചിതനായതിനാല്‍ യുവതി ഇത് വിസമ്മതിച്ചു. തുടർന്ന് യുവതിയെ തള്ളിമാറ്റി ഇയാള്‍ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയും, ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നുവെന്നാണ് പരാതി.






