പയ്യന്നൂർ: വിവാഹം നിശ്ചയിച്ച യുവതിയെ പയ്യന്നൂരില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പയ്യന്നൂർ ടൗണിലെ മാളില്‍ ജീവനക്കാരിയായിരുന്ന കോറോം കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി (24) ആണ് മരിച്ചത്. ഒക്ടോബർ 12ന് വൈകിട്ട് കൗണ്‍സിലിങ് കേന്ദ്രത്തില്‍നിന്ന് ഇറങ്ങിപ്പോയ ശ്രുതിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെ 11.15ഓടെ പെരുമ്പ ചിറ്റാരിക്കൊവ്വല്‍ റോട്ടറി ക്ലബ്ബ് റോഡിലെ തണല്‍ ഇക്കോ പാർക്കിന് സമീപമുള്ള പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഒക്ടോബർ 12ന് വൈകിട്ട് നാലുമണിയോടെയാണ് ശ്രുതി കോറോം കൂർക്കരയിലെ കൗണ്‍സിലിങ് കേന്ദ്രത്തിലെത്തിയത്. അമ്മായി സുലേഖ, വിവാഹം നിശ്ചയിച്ച അഖില്‍, അഖിലിന്റെ അമ്മാവൻ സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
കേന്ദ്രത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ ശ്രുതി പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി സ്കൂട്ടറില്‍ കയറി പോകുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.രാത്രിയായിട്ടും ശ്രുതി വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടർന്ന് അമ്മാവൻ എം. ശ്രീധരൻ പയ്യന്നൂർ പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഇന്നലെ രാത്രിയോടെ ചിറ്റാരിക്കൊവ്വല്‍ റോട്ടറി ക്ലബ്ബ് റോഡില്‍ തണല്‍ ഇക്കോ പാർക്കിന് സമീപം ശ്രുതിയുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
യുവതിയുടെ ചെരിപ്പും ഇവിടെനിന്ന് ലഭിച്ചു.ഇതോടെ ശ്രുതി പുഴയില്‍ വീണതാകാമെന്ന സംശയത്തെത്തുടർന്ന് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തില്‍ സ്കൂബാ ടീമിന്റെ സഹായത്തോടെ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും തിരച്ചില്‍ നടത്തി. തുടർന്ന് രാവിലെ 11.15ഓടെയാണ് പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.കാനായി മുക്കൂടിലെ പരേതനായ ചന്ദ്രന്റെയും ജാനകിയുടെയും മകളാണ് ശ്രുതി. ശ്രീലക്ഷ്മിയാണ് സഹോദരി.മൃതശരീരം പരിയാരത്തെ കണ്ണൂർ ഗവ.
മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ സ്വീകരിക്കും. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.






