കോഴിക്കോട്: ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.
ഞായറാഴ്ച അർധരാത്രിക്ക് ശേഷം നടക്കുന്ന ലോകകപ്പ് ഫൈനല്‍ മത്സരം പുലർച്ചെ വരെ നീളുന്ന സാഹചര്യത്തിലാണ് ആവശ്യം.
കോഴിക്കോട് പരപ്പില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.രാത്രി വൈകി ഉറക്കമൊഴിഞ്ഞ് മത്സരം കാണുന്ന വിദ്യാർഥികള്‍ക്ക് തിങ്കളാഴ്ച സ്കൂളില്‍ പോയാല്‍ പഠനത്തില്‍ ശ്രദ്ധിക്കാൻ സാധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ആരോഗ്യവും പഠനക്ഷമതയും പരിഗണിച്ച് തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.ഫുട്ബോള്‍ ആരാധകരായ വിദ്യാർഥികള്‍ക്ക് മത്സരം കാണാനുള്ള അവസരം നല്‍കുന്നതിനൊപ്പം അടുത്ത ദിവസത്തെ ക്ലാസിലെ ക്ഷീണവും ഒഴിവാക്കാനാണ് ഈ നിർദേശമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ലോകപ്പ് ഫൈനല്‍ കാണാനുള്ള ആവേശം സംസ്ഥാനത്തെ സ്കൂള്‍ വിദ്യാർഥികള്‍ക്കിടയില്‍ വലുതാണ്. ഇത് കണക്കിലെടുത്ത് സർക്കാർ അനുകൂല തീരുമാനം എടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, ഫുട്ബോള്‍ ലോകപ്പ് ഫൈനലിന്റെ ആവേശത്തില്‍ വിദ്യാർഥികള്‍ക്കും പങ്കുചേരാൻ അവസരം ഒരുക്കി എറണാകുളം, ആലപ്പുഴ ജില്ലയിലെ നിരവധി സ്വകാര്യ സ്കൂളുകള്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു






