തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പട കാവുവിള മൊണ്ടിയോട് രാഹുൽ ഭവനിൽ രാഹുൽ (29) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായിരുന്നു. ആര്യനാട് കുളപ്പട വാലൂക്കോണം കോലിക്കോട് ഭാഗത്ത് റോഡിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ രാഹുലിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. മൃതദേഹത്തിന് സമീപത്തായി റബ്ബർ തടിക്കഷ്ണം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മരണത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. ഒരു സുഹൃത്തിനെ കാണുന്നതിനായാണ് രാഹുൽ സംഭവസ്ഥലത്ത് എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാഹുൽ ഈ പ്രദേശത്ത് സ്ഥിരമായി എത്താറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ മരണത്തിന്റെ യഥാർഥ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു.






