കോട്ടയം: 47-ാമത് കേരള പോലീസ് സംസ്ഥാന കായികമേളയുടെ മുന്നോടിയായി 'YES TO SPORTS, NO TO DRUGS' എന്ന മുദ്രാവാക്യമുയർത്തി കോട്ടയം ജില്ലാ പോലീസ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ എത്തിഹാദ് ഫുട്ബോൾ അക്കാദമി ടീം ജേതാക്കളായി.
സെപ്റ്റംബർ 4-ന് കോട്ടയം ബസേലിയോസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെന്റ് ബഹുമാനപ്പെട്ട കോട്ടയം മുനിസിപ്പൽ ചെയർമാൻ ഉദ്ഘാടനം ചെയ്തു. കായികരംഗത്തേക്ക് യുവതലമുറയെ കൂടുതൽ ആകർഷിക്കുന്നതിനും ലഹരിക്കെതിരെ ശക്തമായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനുമായിരുന്നു ടൂർണമെന്റിന്റെ ലക്ഷ്യം.
സെപ്റ്റംബർ 5-ന് നടന്ന ഫൈനൽ മത്സരത്തിൽ പാമ്പാടി ആർ.ഐ.ടി. കോളജ് ടീമിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് എത്തിഹാദ് ഫുട്ബോൾ അക്കാദമി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
ഫൈനൽ ദിവസത്തിൽ നടന്ന ലഹരിവിരുദ്ധ പരിപാടികളിൽ ജില്ലാ പോലീസ് മേധാവി ശ്രീ കെ. എം. സാബു മാത്യു ഐ.പി.എസ്, അഡീഷണൽ എസ്.പി ശ്രീ സജീവ് കെ, ഫുട്ബോൾ അക്കാദമി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടീം അംഗങ്ങളും കാണികളും പ്രതിജ്ഞ ഏറ്റുചൊല്ലി ലഹരിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകുമെന്ന് പ്രതിജ്ഞാബദ്ധരായി.
ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാന വിതരണം സെപ്റ്റംബർ 7-ന് രാവിലെ തിരുനക്കര ക്ഷേത്ര മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ നടത്തും.






