കൊച്ചി: വനിതാ പ്രീമിയർ ലീഗ് താരലേലത്തില്‍ വിലകൂടിയ താരമായി ഓസ്ട്രേലിയൻ താരം സോഫി മൊളിനക്സ്. 1.10 കോടി രൂപ നല്കി യുപി വാരിയേഴ്സാണ് ഇടങ്കയ്യൻ സ്പിന്നറായ മൊളിനക്സിനെ സ്വന്തമാക്കിയത്.
മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാന്നിംഗ് നയിക്കുന്ന വാരിയേഴ്സ് നിരയിലേക്ക് മൊളിനക്സ് കൂടിയെത്തുന്നതോടെ ടീം കൂടുതല്‍ ശക്തമാകും. 2024-ല്‍ ആർ.സി.ബി കിരീടം നേടുമ്പോള്‍ നിർണായക പങ്കുവഹിച്ച മൊളിനക്സ്, പരിക്കുമൂലം 2026 സീസണില്‍ കളിച്ചിരുന്നില്ല.
ഓസ്ട്രേലിയൻ താരം ഗ്രേസ് ഹാരിസിനെ 30 ലക്ഷം രൂപയ്ക്കാണ് യു പി വാരിയേഴ്സ് ടീമിലെത്തിച്ചത്. മലയാളി താരം ആശ ശോഭന 30 ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്സിലേക്ക് മടങ്ങിയെത്തി. ലേലത്തിലെ രണ്ടാമത്തെ ഉയർന്ന തുക നേടിയത് ഇന്ത്യൻ ബാറ്റർ കിരണ്‍ നവ്ഗിരെയാണ്. സീനിയർ ടി20 ട്രോഫിയില്‍ 36 പന്തില്‍ പുറത്താകാതെ 105 റണ്‍സ് നേടി അതിവേഗ ടി20 സെഞ്ചുറി കുറിച്ച കിരണിനെ 75 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ഷെഫാലി വർമ്മയ്ക്കൊപ്പം ഡല്‍ഹിയുടെ ബാറ്റിംഗ് നിരയ്ക്ക് കൂടുതല്‍ കരുത്തേകാൻ കിരണിന്റെ വരവോടെ സാധിക്കും.
വിക്കറ്റ് കീപ്പർ ബാറ്റർ ജി. കമാലിനിയെ 40 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കി. അലയൻസ് ഓള്‍റൗണ്ടർ ഓർല പ്രെൻഡർഗാസ്റ്റിനെ (30 ലക്ഷം രൂപ) ഒപ്പം കൂട്ടിയതോടെ ഡബ്ല്യു.പി.എല്ലില്‍ കളിക്കുന്ന ആദ്യ അയർലൻഡ് താരമായി ഓർല മാറി. സ്കോട്ലൻഡ് ക്യാപ്റ്റൻ കാതറിൻ ബ്രൈസ് (10 ലക്ഷം - യു.പി വാരിയേഴ്സ്), ലെഫ്റ്റ് ആം സ്പിന്നർ കിർസ്റ്റി ഗോർഡൻ (10 ലക്ഷം - ഡല്‍ഹി ക്യാപിറ്റല്‍സ്) എന്നിവരും ലേലത്തില്‍ ടീമുകളെ കണ്ടെത്തി.






