നഗോയ: ജപ്പാനിലെ കകാമിഗഹാറയില് നടന്ന ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി മത്സരത്തിന്റെ സെമിഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ 4-3 ന് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.
നായകൻ ഹർമൻപ്രീത് സിങ് മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി തിളങ്ങി.
മത്സരത്തിന്റെ 5, 13 മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി കോർണറുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചാണ് ഹർമൻപ്രീത് സിങ് ഇന്ത്യക്കായി ഇരട്ട ഗോളുകള്‍ നേടിയത്. തുടർന്ന് 23-ാം മിനിറ്റില്‍ സുഖ്ജീത് സിങ് ഒരു ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യയുടെ ലീഡ് ഉയർത്തി. ആവേശകരമായ മത്സരത്തിന്റെ അവസാന നിമിഷം ഫീല്‍ഡ് പ്ലേയിലൂടെ അഭിഷേക് ഇന്ത്യക്കായി വിജയഗോള്‍ സ്വന്തമാക്കുകയായിരുന്നു.
പാകിസ്താനുവേണ്ടി അബു മഹ്മൂദ് (30-ാം മിനിറ്റ്), ഹന്നൻ ഷാഹിദ് (45-ാം മിനിറ്റ്), വഹിദ് റാണ (49-ാം മിനിറ്റ്) എന്നിവരാണ് ഗോളുകള്‍ നേടിയത്.
ശനിയാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ദക്ഷിണ കൊറിയയും മലേഷ്യയും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയികളെ ഇന്ത്യ നേരിടും.






