കൊല്ലം : തിരുവനന്തപുരം-കൊല്ലം മെമു ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യുവാവ് നഗ്നതാപ്രദർശനം നടത്തിയതായി പരാതി. സംഭവത്തിൽ കൊല്ലം സ്വദേശിനിയായ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകി.
വനിതാ കംപാർട്ട്മെന്റിലെ ശുചിമുറിയിൽ കയറിയ യുവാവ് വാതിൽ തുറന്നിട്ട് അശ്ലീല ചേഷ്ടകൾ കാണിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഇത് കണ്ട് യുവതി ബഹളം വെച്ചതോടെ യുവാവ് തൊട്ടടുത്ത കംപാർട്ട്മെന്റിലേക്ക് മാറി. യുവതി യുവാവിനെ പിന്തുടർന്നതോടെ ഇയാൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഇത് കണ്ട യാത്രക്കാർ ഇടപെട്ട് യുവാവിനെ തടഞ്ഞുവെച്ചു. തുടർന്ന് ട്രെയിനിൽ തൂങ്ങിക്കിടന്ന യുവാവിനെ ഇടവ സ്റ്റേഷനിൽ വെച്ച് യാത്രക്കാർ സുരക്ഷിതമായി നിലത്തിറക്കി. എന്നാൽ, യാത്രക്കാരുടെ പിടിവിട്ടതോടെ യുവാവ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.






