കോട്ടയം: വാളൻപുളി സാധാരണ നമ്മള് ഉപയോഗിക്കാറുളളത് കറികളിലാണ്.
ഉപ്പും കൂട്ടി വാളൻപുളി തിന്നാൻ ഇഷ്ടമുളളവരും ഉണ്ട്. എന്നാല്‍ ഇതൊന്നുമല്ലാതെ അടുക്കള വൃത്തിയാക്കാനും പാത്രങ്ങള്‍ വൃത്തിയാക്കാനും വാളൻപുളി ഉപയോഗിക്കാം എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?
വാളൻപുളിയില്‍ പ്രകൃതിദത്ത ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകളെ ഇളക്കാൻ വാളൻപുളിക്ക് സാധിക്കും. മാത്രമല്ല അതിന്റെ ചെറിയ തരികളുളള പള്‍പ്പ് ഭാഗം കൊണ്ട് പാത്രങ്ങളും മറ്റും മൃദുവായി ഉരച്ച് കഴുകാനും സഹായിക്കും.
സ്റ്റെയിൻലെസ് സ്റ്റീല്‍ പാത്രങ്ങളിലെ കറ മാറ്റാനും മങ്ങിയതോ കറുത്തതോ ആയ ചെമ്പ് പാത്രങ്ങള്‍ വൃത്തിയാക്കാനും വാളൻപുളി ഉപയോഗിക്കാം. അതിനായി ഒരു ചെറിയ കഷ്ണം വാളൻപുളി എടുത്ത് കുരുവും നാരുകളും നീക്കം ചെയ്യുക.
കുറച്ചു വെള്ളം ചേർത്ത് പാത്രങ്ങളിലെ കറയിലോ മങ്ങലേറ്റ ഭാഗങ്ങളിലോ തേക്കുക. കുറച്ചു സമയം വെച്ച ശേഷം സ്പോഞ്ച് കൊണ്ട് പതുക്കെ ഉരച്ച് കഴുകുക.
പിച്ചള പാത്രങ്ങള്‍ക്കും, കണ്ടെയ്നറുകള്‍ക്കും, വീട്ടിലെ അലങ്കാര വസ്തുക്കള്‍ക്കും തിളക്കം നല്‍കാനും ഇത് പോലെ വാളൻപുളി പേസ്റ്റ് കൊണ്ട് വൃത്തിയാക്കിയാല്‍ മതി. പോറലുകള്‍ വീഴാൻ സാധ്യതയുള്ളതിനാല്‍ ശക്തമായി ഉരയ്ക്കരുത്.
പാത്രത്തിന്റെ അടിയില്‍ ഒട്ടിപ്പിടിച്ച ഭക്ഷണം വീണ്ടും വീണ്ടും ഉരയ്ക്കാതെ ഇളക്കി മാറ്റാൻ വലിയ പ്രയാസമാണ്. ഇതിന് മുകളില്‍ വാളൻപുളി പള്‍പ്പ് പുരട്ടി കുറച്ചു സമയം വെക്കുക. അതിന് ശേഷം ഇളംചൂടുവെള്ളം ചേർത്ത് സ്പോഞ്ച് കൊണ്ട് ഉരച്ച് കഴുകിയാല്‍ മതി.
വാളൻപുളിയില്‍ ആസിഡ് ഉളളതിനാല്‍ ഒരിക്കലും കൂടുതല്‍ നേരം പാത്രങ്ങളില്‍ വെച്ചിരിക്കരുത്. വാളൻപുളി പേസ്റ്റ് തേച്ച് ഏതാനും സമയത്തിനുളളില്‍ തന്നെ പതുക്കെ ഉരച്ച് നന്നായി കഴുകി കളയാൻ മറക്കരുത്. കോട്ടിംഗ് ചെയ്തതോ പോളിഷ് ചെയ്തതോ ആയ വസ്തുക്കള്‍ വൃത്തിയാക്കാൻ വാളൻപുളി ഉപയോഗിക്കരുത്. നിറം മാറുകയോ മിനുസം നഷ്ടപ്പെടുകയോ ചെയ്യാൻ സാധ്യതയുണ്ട്.






