സിം ബൈൻഡിങ് നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽ ഇല്ലാതെ വൈഫൈ വഴി മാത്രം
മെസേജിങ് ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നേക്കാം.
ടെലികോം വകുപ്പ് (DoT) നിർദേശിച്ച ചട്ടങ്ങൾ പാലിക്കാനുള്ള അവസാന തീയതി 2026 ഡിസംബർ 31 ആണ്.
മൊബൈൽ നമ്പറും അതുമായി ബന്ധിപ്പിച്ചിട്ടുള്ള മെസേജിങ് അക്കൗണ്ടും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം.
സിം കാർഡുകളുമായി ബന്ധിപ്പിച്ചുള്ള കെവൈസി പരിശോധനയിലൂടെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനും സർക്കാർ ലക്ഷ്യമിടുന്നു.
ഏതൊക്കെ ഫോണുകളെ ബാധിക്കും?
രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽ ഇടാതെ വാട്സാപ്പോ ടെലിഗ്രാമോ ഉപയോഗിക്കുന്നവരെയാണ് പുതിയ വ്യവസ്ഥകൾ പ്രധാനമായും ബാധിക്കാൻ സാധ്യത.
ഐഫോൺ, ആൻഡ്രോയിഡ് ഫോണുകൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങളിൽ ഇത് ബാധകമായേക്കാം.
എന്നാൽ ഏതൊക്കെ മോഡലുകളിൽ നിയന്ത്രണങ്ങൾ വരുമെന്ന കാര്യത്തിൽ ഔദ്യോഗികമായ വ്യക്തതയില്ല.
ബന്ധപ്പെട്ട ആപ്പുകൾ നിയമം എങ്ങനെ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നിയന്ത്രണങ്ങളുടെ വ്യാപ്തി.






